11, March, 2026
Updated on 11, March, 2026 4
പതിനായിരത്തി എണ്ണൂറ് കോടി രൂപയുടെ വികസന പദ്ധതികൾ കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഊർജ്ജം, റെയിൽവേ, ദേശീയപാത തുടങ്ങിയ മേഖലകളിലെ നിർണ്ണായക പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്നതാണ് ഈ പദ്ധതികളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദേശീയപാത 66-ന്റെ വിവിധ റീച്ചുകളുടെ വിപുലീകരണം, റെയിൽവേ പാത ഇരട്ടിപ്പിക്കൽ തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. കൂടാതെ ബിപിസിഎല്ലിന്റെ പുതിയ പദ്ധതികളും അദ്ദേഹം നാടിന് സമർപ്പിച്ചു. കേരളത്തിലെ യുവാക്കൾക്കും മത്സ്യത്തൊഴിലാളികൾക്കും ഈ വികസന പ്രവർത്തനങ്ങൾ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.അഖില കേരള ധീവരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും പങ്കെടുത്ത ശേഷമാണ് വികസന പദ്ധതികളുടെ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ വികസന നയങ്ങൾ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മോദി കൂട്ടിച്ചേർത്തു.