10, November, 2026
Updated on 10, November, 2026 2
ഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് വായുനിലവാരം അതീവ ഗുരുതരമായി തുടരുന്നു. ഞായറാഴ്ച (നവംബർ 8) രാത്രിയിലെ വ്യാപകമായ പടക്കം പൊട്ടിക്കലിന് ശേഷം തിങ്കളാഴ്ച (നവംബർ 9) രാവിലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 രേഖപ്പെടുത്തി. ഇത് ‘വളരെ മോശം’ വിഭാഗത്തിൽപ്പെടുന്നതാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം 2021-ന് ശേഷമുള്ള ഏറ്റവും മോശമായ വായുനിലവാരമാണ് ഇത്തവണ ദീപാവലി വേളയിൽ രേഖപ്പെടുത്തിയത്.ഡൽഹിയിലെ 51 നിരീക്ഷണ സ്റ്റേഷനുകളിൽ 14 ഇടങ്ങളിൽ വായുനിലവാരം ‘ഗുരുതര’ വിഭാഗത്തിലാണ്. ഡൽഹി സാങ്കേതിക സർവകലാശാല പരിസരത്താണ് ഏറ്റവും ഉയർന്ന സൂചിക (439) രേഖപ്പെടുത്തിയത്. കനത്ത പുകയും മൂടൽമഞ്ഞും കാരണം കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞത് വ്യോമഗതഗതത്തെയും രൂക്ഷമായി ബാധിച്ചു. റൺവേ കൃത്യമായി കാണാൻ കഴിയാത്തതിനെ തുടർന്ന് നിരവധി വിമാന സർവീസുകൾ വൈകുകയും, ചെന്നൈയിൽ നിന്നുള്ള 11 വിമാനങ്ങൾ ആകാശത്ത് വട്ടംചുറ്റേണ്ടതായും വന്നു. ഒരു വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.