കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി


20, March, 2026
Updated on 20, March, 2026 5


കോഴിക്കോട്: കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. പരപ്പനങ്ങാടിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് നാളെ ഈദുല്‍ ഫിത്വര്‍ ആകുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചത്. കാപ്പാടും ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് തുടങ്ങിയവര്‍ മാസപ്പിറവി സ്ഥിരീകരിച്ചു.ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുള്ളതാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. മാസപ്പിറവി കണ്ടതോടെ പള്ളികളില്‍നിന്ന് തക്ബീര്‍ ധ്വനികളുയര്‍ന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഫിത്വര്‍ സക്കാത്ത് വിതരണവും പൂര്‍ത്തിയാക്കും. പുത്തനുടുപ്പുകള്‍ അണിഞ്ഞ് വിശ്വാസികള്‍ നാളെ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുകൂടും.അതേസമയം സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി നാളത്തെ ചെറിയ പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രമായിരിക്കും എന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യുഎഇയിലും ഖത്തറിലും ബഹ്‌റൈനിലും ഇത്തവണ തുറസായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകളും പ്രാര്‍ത്ഥനകളും പാടില്ല എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈദ് ഗാഹുകള്‍ക്ക് ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ്് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.




Feedback and suggestions