17, November, 2026
Updated on 17, November, 2026 12
ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനം. ഒരാഴ്ചയ്ക്കിടെ ക്യാമ്പസിലെ 13 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സർവകലാശാലാ അധികൃതരുടെ അടിയന്തര നടപടി. രോഗം സ്ഥിരീകരിച്ചവർക്ക് പുറമെ ക്യാമ്പസിലെ നിരവധി പേർക്ക് കടുത്ത പനിയും മറ്റ് രോഗലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ട്.
വിദ്യാർത്ഥിനികൾ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച 13 പേരിൽ 10 പേർ വിദ്യാർത്ഥിനികളും മൂന്ന് പേർ ജീവനക്കാരുമാണ്. ഇതിനുപുറമെ, പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന നിരവധി പേരുടെ രക്തപരിശോധനാ ഫലങ്ങൾ വരാനുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അവധിക്ക് നാട്ടിലേക്ക് മടങ്ങിയ ചില വിദ്യാർത്ഥിനികൾക്കും പനി ബാധിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഇന്നലെ ചേർന്ന സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ അടിയന്തര ചർച്ചയിലുമാണ് ക്യാമ്പസും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനമെടുത്തത്. അടച്ചിടുന്ന ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും നടക്കുക.