7, April, 2026
Updated on 7, April, 2026 4
പശ്ചിമേഷ്യൻ യുദ്ധം ആഴ്ചകൾ പിന്നിടുമ്പോൾ ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് സമാധാന ശ്രമങ്ങളും യുദ്ധഭീഷണിയും ഒരേപോലെ ശക്തമാകുന്നു. ഇറാന് നൽകിയ അവസാന സമയപരിധി ഇന്ന് രാത്രി അവസാനിക്കാനിരിക്കെ, പാകിസ്ഥാൻ മുൻകൈയെടുത്ത് നടത്തുന്ന നയതന്ത്ര നീക്കങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ഹോർമൂസ് കടലിടുക്ക് അമേരിക്കയ്ക്കും ഇസ്രയേലിനും കൂടി തുറന്നുകൊടുക്കണമെന്ന ട്രംപിന്റെ ഉപാധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ മധ്യസ്ഥനായി രംഗത്തെത്തിയിരിക്കുന്നത്.
പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫും സൈനിക മേധാവി അസീം മുനീറും ഡോണൾഡ് ട്രംപുമായി പുലർത്തുന്ന അടുപ്പമാണ് ചർച്ചകളിൽ പാകിസ്ഥാന് മേൽക്കൈ നൽകുന്നത്. പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങൾ ഫലപ്രദമാണെന്നും ചർച്ചകൾ അതീവ സുപ്രധാനമായ ഘട്ടത്തിലാണെന്നും പാകിസ്ഥാനിലെ ഇറാൻ അംബാസഡർ റെസ അമീരി മൊഗാദം വ്യക്തമാക്കി. യുദ്ധം പടർന്നാൽ പാകിസ്ഥാൻ കൂടി അതിന്റെ ഭാഗമാകേണ്ടി വരുമെന്ന ഭീതിയാണ് ഇസ്ലാമാബാദിനെ സമാധാന ചർച്ചകൾക്ക് പ്രേരിപ്പിക്കുന്നത്.
തകർന്നു വീണ അമേരിക്കൻ എഫ്-15 ഇ വിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇറാനെതിരെ കടുത്ത അസഭ്യവർഷവുമായി ട്രംപ് രംഗത്തെത്തി. പൈലറ്റിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമേരിക്കയ്ക്ക് ഒരു യുദ്ധവിമാനവും ഹെലികോപ്റ്ററുകളും ഡ്രോണുകളും നഷ്ടമായി. കൂടാതെ 13 സൈനികർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ട്രംപിനെ പ്രകോപിതനാക്കിയിട്ടുണ്ട്. നാല് ദിവസത്തിനുള്ളിൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ ഭീഷണി.
യുദ്ധം തുടരുന്നത് പാകിസ്ഥാനെ വലിയ ആഭ്യന്തര പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ പ്രകാരം ഇറാൻ സൗദിയെ ആക്രമിച്ചാൽ പാകിസ്ഥാന് ഇറാനെതിരെ തിരിയേണ്ടി വരും. എന്നാൽ പാക് ജനത തെരുവിലിറങ്ങി ഇറാനു പിന്തുണ പ്രഖ്യാപിക്കുന്നത് ഭരണകൂടത്തിന് തലവേദനയാകുന്നുണ്ട്. രാജ്യത്ത് ഇന്ധനവില ലിറ്ററിന് 300 രൂപ കടന്നതും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പാകിസ്ഥാനെ സാമ്പത്തികമായി തളർത്തുകയാണ്.