ഇന്ത്യക്ക് ഇനി 'സ്മാർട്ട് ബോർഡർ' ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ


22, May, 2026
Updated on 22, May, 2026 2



ന്യൂഡൽഹി : ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമാക്കാൻ അത്യാധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള 'സ്മാർട്ട് ബോർഡർ' പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ അതിർത്തികൾ പൂർണ്ണമായും സുരക്ഷിതമാക്കാനുള്ള നീക്കമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം പൂർണ്ണമായും തടയുക, അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാപരമായ ഘടന കൃത്രിമമായി മാറ്റാനുള്ള ബാഹ്യശക്തികളുടെ ഗൂഢാലോചനകളെ പരാജയപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ പദ്ധതി രാജ്യത്ത് നടപ്പിലാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.


അതിർത്തി രക്ഷാ സേന സംഘടിപ്പിച്ച വാർഷിക 'രുസ്തംജി മെമ്മോറിയൽ ലക്ചറിൽ' സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ബിഎസ്എഫ് രൂപീകരണത്തിന്റെ 60-ാം വാർഷിക വേളയിലാണ് ഈ സുപ്രധാന പ്രഖ്യാപനം. പാകിസ്താനുമായും ബംഗ്ലാദേശുമായുമുള്ള ഇന്ത്യയുടെ ഏകദേശം 6,000 കിലോമീറ്ററോളം വരുന്ന അതിർത്തി പ്രദേശം മനുഷ്യർക്ക് ഭേദിക്കാൻ കഴിയാത്ത വിധം ശക്തമാക്കുകയാണ് സ്മാർട്ട് ബോർഡർ സംവിധാനത്തിലൂടെ ചെയ്യുന്നത്. 24 മണിക്കൂർ തൽസമയ ഡ്രോൺ നിരീക്ഷണം, അതിർത്തിയിലെ ഏത് തരത്തിലുള്ള ചലനങ്ങളും മുൻകൂട്ടി തിരിച്ചറിയാനുള്ള അഡ്വാൻസ്ഡ് റഡാറുകൾ, രാത്രികാലങ്ങളിലും മോശം കാലാവസ്ഥയിലും വ്യക്തമായ ദൃശ്യങ്ങൾ നൽകുന്ന തെർമൽ ക്യാമറകളും, അതിർത്തി വേലിയിൽ ഘടിപ്പിക്കുന്ന മോഷൻ സെൻസറുകളും എന്നിങ്ങനെയുള്ള ആധുനിക സാങ്കേതിക വിദ്യകളിൽ അടിസ്ഥാനമാക്കിയുള്ള സുരക്ഷാക്രമീകരണങ്ങളാണ് സ്മാർട്ട് ബോർഡർ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. സാങ്കേതികവിദ്യയും ബി.എസ്.എഫ് ജവാന്മാരുടെ കരുത്തും ഒന്നിപ്പിക്കുന്ന ഒരു സുരക്ഷാ ശൃംഖല അടുത്ത ഒരു വർഷത്തിനുള്ളിൽ അതിർത്തികളിൽ സജ്ജമാകും.




Feedback and suggestions