22, June, 2026
Updated on 22, June, 2026 2
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രചാരണങ്ങൾക്കും പരസ്യങ്ങൾക്കുമായി കഴിഞ്ഞ ആറ് വർഷത്തിനിടെ കേന്ദ്ര സർക്കാർ ചെലവഴിച്ചത് 2,586 കോടി രൂപയെന്ന് വിവരാവകാശ (RTI) രേഖകൾ വ്യക്തമാക്കുന്നു. തൃണമൂൽ കോൺഗ്രസ് മുൻ രാജ്യസഭാ എം.പി സാകേത് ഗോഖലെ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻസ് (CBC) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 2020-21 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള കാലയളവിലെ പത്രം, ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ മീഡിയ, സോഷ്യൽ മീഡിയ, ഹോർഡിംഗുകൾ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളുടെ കണക്കാണിത്.ഡിജിറ്റൽ, സോഷ്യൽ മീഡിയ വഴിയുള്ള 'ന്യൂ മീഡിയ' പരസ്യങ്ങൾക്കായി 2020-21-ൽ 14 കോടി രൂപ മാത്രമാണ് ചെലവാക്കിയിരുന്നതെങ്കിൽ, 2025-26 ആയപ്പോഴേക്കും അത് 131.35 കോടി രൂപയായി കുത്തനെ ഉയർന്നു.നികുതിദായകരുടെ പണം ഇത്തരത്തിൽ വലിയ തോതിൽ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് സാകേത് ഗോഖലെ വിമർശിച്ചു. ഇത് കേവലം ഒരു ഏജൻസിയുടെ മാത്രം കണക്കാണെന്നും മറ്റ് മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ചെലവാക്കിയ തുക കൂടി കൂട്ടിയാൽ യഥാർത്ഥ സംഖ്യ ഇതിലും വളരെ ഉയർന്നതായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ തുക കൈപ്പറ്റിയ പരസ്യ ഏജൻസികളുടെയോ മാധ്യമ സ്ഥാപനങ്ങളുടെയോ പേരുകൾ വെളിപ്പെടുത്താൻ 'വാണിജ്യപരമായ രഹസ്യാത്മകത' മുൻനിർത്തി സി.ബി.സി തയ്യാറായിട്ടില്ല.