ലഹരി മാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: മുഖ്യമന്ത്രി വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം 'ദളപതി'യും എത്തും


15, July, 2026
Updated on 15, July, 2026 3



ചെന്നൈ : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ കൈകോർക്കാൻ കേരളവും തമിഴ്‌നാടും ഔദ്യോഗികമായി തീരുമാനിച്ചു. കേരള സർക്കാർ ആവിഷ്‌കരിച്ച് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന 'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' എന്ന ലഹരിവിരുദ്ധ ക്യാമ്പെയ്‌ന് പൂർണ്ണ പിന്തുണ തേടി കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചെന്നൈ സെക്രട്ടേറിയറ്റിൽ എത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായി അതീവ നിർണായക കൂടിക്കാഴ്ച നടത്തി. മുപ്പത് മിനിറ്റിലധികം നീണ്ടുനിന്ന ഈ ചർച്ചയിൽ, ഇരുസംസ്ഥാനങ്ങളിലെയും യുവതലമുറയെ മയക്കുമരുന്ന് വിപത്തിൽ നിന്ന് രക്ഷിക്കാൻ ഒന്നിച്ച് പോരാടുമെന്ന് മുഖ്യമന്ത്രി വിജയ് ഉറപ്പ് നൽകി. കേരളത്തിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ ഏറെ പ്രശംസിച്ച തമിഴ്‌നാട് മുഖ്യമന്ത്രി, അന്തർസംസ്ഥാന ലഹരി ശൃംഖലകളെ തകർക്കാൻ തമിഴ്‌നാട് പോലീസിന്റെയും ഭരണകൂടത്തിന്റെയും എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തു.


ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തിന് കൂടുതൽ ജനകീയ പിന്തുണ ഉറപ്പാക്കുന്നതിനായി, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരളത്തിൽ നടക്കാനിരിക്കുന്ന മെഗാ അവബോധ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വിജയ് സമ്മതിച്ചതായി രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ ക്യാമ്പെയ്‌ന്റെ കേരളത്തിലെ ബ്രാൻഡ് അംബാസഡറും ആദ്യ 'തൂഫാൻ വാരിയറു'മായ പ്രിയ താരം മോഹൻലാലിനൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഒരേ വേദി പങ്കിടും. മുൻപ് 'ജില്ല' എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച ഈ രണ്ട് ജനപ്രിയ താരങ്ങളും മുഖ്യമന്ത്രി വി. ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖരും ഒരുമിച്ച് അണിനിരക്കുന്നതോടെ യുവാക്കൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം ശക്തമായി എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടിൽ ഇതിനകം തന്നെ ലഹരിവിരുദ്ധ മാരത്തൺ സംഘടിപ്പിച്ച് മാതൃകയായ വിജയ്‌യുടെ സ്വാധീനം ഈ പോരാട്ടത്തിന് വലിയ കരുത്താകുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.


​കേരള-തമിഴ്‌നാട് അതിർത്തികളിൽ പരിശോധനകൾ കർശനമാക്കാനും ഇരുസംസ്ഥാനങ്ങളിലെയും പോലീസ്-എക്സൈസ് വകുപ്പുകൾ തമ്മിൽ രഹസ്യാന്വേഷണ വിവരങ്ങൾ തത്സമയം കൈമാറാനും കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്. അതിർത്തി കടന്നുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെയും എം.ഡി.എം.എ പോലെയുള്ള മാരക വസ്തുക്കളുടെയും ഒഴുക്ക് തടയാൻ സംയുക്ത റെയ്ഡുകൾ സംഘടിപ്പിക്കും. വിദ്യാലയങ്ങൾക്കും കോളേജുകൾക്കും പരിസരത്തുള്ള ലഹരി വില്പന പൂർണ്ണമായി തുടച്ചുനീക്കുകയാണ് ലക്ഷ്യം. വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ജൂൺ രണ്ടിനാണ് രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ 'ഓപ്പറേഷൻ തൂഫാൻ' ഔദ്യോഗികമായി ആരംഭിച്ചത്. കഴിഞ്ഞ 43 ദിവസത്തെ തീവ്രമായ പരിശോധനകൾക്കിടയിൽ ആറായിരത്തിലധികം ലഹരി മാഫിയാ സംഘാംഗങ്ങളെയും പെഡ്‌ലർമാരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടുണ്ടെന്നും, ഈ ശക്തമായ നടപടികൾ തമിഴ്‌നാടിന്റെ സഹകരണത്തോടെ കൂടുതൽ വിപുലമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.




Feedback and suggestions