21, July, 2026
Updated on 21, July, 2026 111
ഡൽഹിയിൽ പ്രതിപക്ഷവും വിദ്യാർത്ഥി സംഘടനകളും നടത്തുന്ന ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ, നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് കാരണക്കാരായവർക്കെതിരെ സാധ്യമായ ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ പാർലമെന്ററി പാർട്ടിയുടെ 'മംഗൾ മിലൻ' യോഗത്തിന് ശേഷം കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് പ്രധാനമന്ത്രിയുടെ ഈ നിർണായക നിലപാട് വ്യക്തമാക്കിയത്. പരീക്ഷാ പേപ്പർ ചോർച്ചകൾ തടയുക എന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്ത് കുറ്റമറ്റ രീതിയിലുള്ള ഒരു പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കാൻ കൂട്ടായ ശ്രമങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു.
രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും, രാജ്യത്തിന്റെ ഭാവിക്കും യുവാക്കളുടെ ക്ഷേമത്തിനുമായി ഒത്തുചൊരുമയോടെ പ്രവർത്തിക്കാൻ എല്ലാ എംപിമാർക്കും പങ്കാളിത്ത ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കിയ മോദി, പാർലമെന്റ് നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷത്തോട് ആഹ്വാനം ചെയ്തു. പരീക്ഷാ അട്ടിമറിക്ക് പിന്നാലെ സർക്കാർ ഉടനടി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്തതായും വിദ്യാർത്ഥികളുടെ ഭാവി തകരാതിരിക്കാൻ കാലതാമസമില്ലാതെ പുനഃപരീക്ഷ നടത്തിയതായും പ്രധാനമന്ത്രി യോഗത്തിൽ അറിയിച്ചു.