ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് രോഗം ബാധിച്ച് മരണം ആറായി: 90 കേസുകള്‍ സ്ഥിരീകരിച്ചു


29, July, 2026
Updated on 29, July, 2026 5


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ലെജിയോണയേഴ്‌സ് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ആറായതായി ആരോഗ്യവകുപ്പ് അറിയിച്ചു. നഗരത്തിലെ അപ്പര്‍ ഈസ്റ്റ്് മേഖലയിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.. ഇതുവരെ 90 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 17ന് ശേഷം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം ബാധിച്ച 65 പേരെ ഇതിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ലെജിയോണെല്ല ബാക്ടീരിയ കണ്ടെത്തിയ ഡസന്‍ കണക്കിന് കൂളിംഗ് ടവറുകള്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു.ഈ രോഗം ലെജിയോണെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ ന്യൂമോണിയയാണ്. വായുവിലെ ജലത്തുള്ളികളിലൂടെയോ മലിനജലം ശ്വാസകോശത്തില്‍ പ്രവേശിക്കുന്നതിലൂടെയോ രോഗം പകരാം. ഷവര്‍, ടാപ്പുകള്‍, ചൂടുവെള്ള ടാങ്കുകള്‍, കൂളിംഗ് ടവറുകള്‍ തുടങ്ങിയ ജലവിതരണ സംവിധാനങ്ങളിലാണ് ഈ ബാക്ടീരിയ കൂടുതലായി വളരുന്നത്.പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ദീര്‍ഘകാല ശ്വാസകോശ രോഗമുള്ളവര്‍ക്കും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനും മരണത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.




Feedback and suggestions