അമേരിക്കൻ ആയുധപ്പുര കാലിയാകുന്നു! 1,500-ലേറെ ഇന്റർസെപ്റ്ററുകൾ ചാരമായി


27, July, 2026
Updated on 27, July, 2026 3


ഇറാനുമായുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ, അമേരിക്കൻ സൈന്യത്തിന്റെ പ്രധാന ആയുധമായ ഇന്റർസെപ്റ്റർ മിസൈലുകളുടെ കടുത്ത ക്ഷാമം അവരുടെ സൈനിക തന്ത്രങ്ങളെ പാടെ തടസ്സപ്പെടുത്തുന്നതായി വിവരങ്ങൾ പുറത്തുവരുന്നു. മിഡിൽ ഈസ്റ്റിൽ അമേരിക്കൻ വ്യോമ പ്രതിരോധ വ്യവസ്ഥകൾ വൻ പ്രതിസന്ധി നേരിടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളായ വാൾ സ്ട്രീറ്റ് ജേണലും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്യുന്നു.തങ്ങളുടെ കയ്യിൽ ആവശ്യത്തിലധികം ആയുധങ്ങളുണ്ടെന്നും യുദ്ധോപകരണങ്ങളുടെ കുറവ് പ്രതിരോധ ശേഷിയെ ബാധിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജൂലൈ 26 ന് അവകാശപ്പെട്ടെങ്കിലും, ആഭ്യന്തര തലത്തിൽ ഉയർന്നുവരുന്ന ആശങ്കകൾ ട്രംപിന്റെ വാക്കുകൾ വെറും ആശ്വാസ പ്രകടനം മാത്രമാണെന്ന് തെളിയിക്കുന്നു. അമേരിക്കൻ സൈനിക ശേഖരം അപകടകരമാം വിധം താഴ്ന്ന നിലയിലെത്തിയെന്ന യാഥാർത്ഥ്യത്തെ മറച്ചുവെക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.സൈനിക പ്രവർത്തനങ്ങൾ കൂടുതൽ തീവ്രമായാൽ അമേരിക്കയുടെ പക്കലുള്ള ഇന്റർസെപ്റ്റർ കരുതൽ ശേഖരം പൂർണ്ണമായും തീർന്നുപോകുമെന്ന് അമേരിക്കൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ തന്നെ സ്വകാര്യമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾക്ക് മുതിർന്നാൽ യുഎസ് സെൻട്രൽ കമാൻഡിന്റെ സപ്ലൈകൾ തീർന്നുപോകുമെന്ന ആഭ്യന്തര ചർച്ചകൾ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടു.


അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പ്രതിരോധ ശൃംഖലകളെ നിർവീര്യമാക്കാൻ ഇറാൻ തങ്ങളുടെ ആക്രമണ തന്ത്രങ്ങളിൽ നിരന്തരം മാറ്റങ്ങൾ വരുത്തുന്നുണ്ട്. പറക്കൽ പാതകൾ, മിസൈലുകളുടെ വേഗത എന്നിവയിൽ ഇറാൻ വരുത്തുന്ന വ്യതിയാനങ്ങൾ കാരണം അവയെ പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് വൻതോതിൽ ഇന്റർസെപ്റ്റർ മിസൈലുകൾ ചെലവഴിക്കേണ്ടി വരുന്നുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സമ്മതിക്കുന്നു.


അമേരിക്കയുടെ പാട്രിയറ്റ് പ്രതിരോധ സംവിധാനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് കഴിഞ്ഞയാഴ്ച ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിൽ മൂന്ന് ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചു. ഇതിൽ ഒരു മിസൈൽ പാർപ്പിട കേന്ദ്രത്തിൽ പതിച്ച് മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ചെയ്തു. ഇത് ഇറാന്റെ മിസൈൽ ശേഷിക്കും ആക്രമണ കൃത്യതയ്ക്കും മുന്നിൽ അമേരിക്കൻ പ്രതിരോധം പരാജയപ്പെടുന്നു എന്നതിന്റെ തെളിവാണ്.


സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് വിദഗ്ധരായ മാർക്ക് കാൻസിയൻ, ക്രിസ് പാർക്ക് എന്നിവരുടെ കണക്കനുസരിച്ച്, ഇറാനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക ഇതുവരെ 1,500-ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകൾ ഉപയോഗിച്ചു കഴിഞ്ഞു. നിലവിൽ 1,000-ൽ താഴെ മിസൈലുകൾ മാത്രമേ അമേരിക്കയുടെ കയ്യിൽ ശേഷിക്കുന്നുള്ളൂ എന്ന് വാൾ സ്ട്രീറ്റ് ജേണൽ വെളിപ്പെടുത്തുന്നു.ഇറാനെതിരെയുള്ള യുദ്ധത്തിൽ ആയുധ ശേഖരം വേഗത്തിൽ തീരുന്നത് ഭാവിയിൽ ചൈനയെപ്പോലുള്ള മറ്റ് വലിയ എതിരാളികളുമായി ഒരു പോരാട്ടം വന്നാൽ അമേരിക്കയെ തീർത്തും നിസ്സഹായരാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ കടുത്ത സാമ്പത്തിക, സൈനിക നഷ്ടം കാരണം മേഖലയിൽ വിപുലമായ ആക്രമണ പദ്ധതികൾ താത്കാലികമായി നിർത്തിവെക്കാൻ ട്രംപ് നിർബന്ധിതനായി എന്നാണ് റിപ്പോർട്ടുകൾ.


അമേരിക്കയ്ക്ക് പുറമെ ഗൾഫ് മേഖലയിലെ അവരുടെ സഖ്യകക്ഷികളും സമാനമായ ആയുധ ക്ഷാമം നേരിടുകയാണ്. ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സ്വന്തം വ്യോമ പ്രതിരോധ ശേഖരത്തിന്റെ വലിയൊരു ഭാഗം ഗൾഫ് രാജ്യങ്ങൾക്ക് ചെലവഴിക്കേണ്ടി വന്നത് അമേരിക്കയ്ക്കുള്ളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.


യുദ്ധം ആരംഭിച്ചതിനുശേഷം എത്ര പാട്രിയറ്റ്, താഡ് മിസൈലുകൾ ഉപയോഗിച്ചു എന്നതിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് അമേരിക്കൻ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, സ്വന്തം തകർച്ചയും ആയുധ ക്ഷാമവും ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടാതിരിക്കാനാണ് അമേരിക്ക ഈ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നത്.


തുടർച്ചയായ 13 രാത്രികളിലെ ഭീകരമായ ബോംബാക്രമണങ്ങൾക്ക് ശേഷം, സൈനിക പ്രതിസന്ധിയും ഇന്റർസെപ്റ്റർ ക്ഷാമവും കാരണം അമേരിക്കൻ ആക്രമണങ്ങളുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഇറാന്റെ തന്ത്രപരമായ ആക്രമണങ്ങൾക്ക് മുന്നിൽ നിൽക്കാനാവാതെ തങ്ങളുടെ സൈനികരെയും താവളങ്ങളെയും സംരക്ഷിക്കാൻ അമേരിക്കൻ നേതൃത്വം പതറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.




Feedback and suggestions