ഇൻഡസ് നദീജല കരാർ മരവിപ്പിച്ച നടപടിയിൽ മാറ്റമില്ല: കേന്ദ്രം


15, August, 2026
Updated on 15, August, 2026 1


​ന്യൂഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നദീജലം തടഞ്ഞാൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാറിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആവർത്തിച്ചത്. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഈ വിഷയത്തിൽ ഇനി കൂടുതൽ വ്യക്തത വരുത്തേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.

​അതേസമയം, എഫ്.സി.ആർ.എ (FCRA) നിയമഭേദഗതി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (JPC) കൈമാറിയത് അമേരിക്കൻ സമ്മർദ്ദം മൂലമാണെന്ന വാർത്തകൾ വിദേശകാര്യ മന്ത്രാലയം തള്ളി. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ചു എന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വക്താവ് പറഞ്ഞു. രാജ്യത്തിന്റെ ഇത്തരം തീരുമാനങ്ങളിൽ സ്വതന്ത്രമായ നിലപാടെടുക്കാനുള്ള പരമാധികാരം ഇന്ത്യയുടെ പാർലമെന്റിന് മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ പട്രോളിംഗ് ചൈന തടഞ്ഞെന്ന മുൻ കേന്ദ്രമന്ത്രി ആർ.കെ. സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ മന്ത്രാലയം തയ്യാറായില്ല.

​ഇതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെക്കുറിച്ച് ഉയർന്ന പരാമർശങ്ങളിലും വിദേശകാര്യ മന്ത്രാലയം നയം വ്യക്തമാക്കി. ഇറ്റലിയുമായി ഇന്ത്യയ്ക്ക് ആഴമേറിയ സുഹൃദ്ബന്ധമാണുള്ളതെന്നും, അത് പരസ്പര ബഹുമാനത്തോടെ ദൃഢമായി നിലനിർത്തുകയാണ് വേണ്ടതെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. എന്നാൽ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് നേരിട്ട് മറുപടി നൽകാൻ അദ്ദേഹം മുതിർന്നില്ല.




Feedback and suggestions