സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട' ; 'മാസപ്പടി കേസ്' അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ


23, August, 2026
Updated on 23, August, 2026 4


മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട എക്സാലോജിക്-സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുകളിലെ ഇ.ഡി അന്വേഷണം കേവലം രാഷ്ട്രീയ പ്രതികാര നടപടി മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സി.പി.എം നേതാക്കളെയോ അവരുടെ ബന്ധുക്കളെയോ ഭയപ്പെടുത്തി കൂടെ നിർത്താമെന്ന് ഇ.ഡിയോ മാധ്യമങ്ങളോ വിചാരിക്കേണ്ടതില്ലെന്നും, എല്ലാവിധ കടന്നാക്രമണങ്ങളെയും അതിജീവിച്ചാണ് പാർട്ടി വളർന്നതെന്നും കോഴിക്കോട് മുതലക്കുളത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. അനാവശ്യ ഭീതി പടർത്തി രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസി നീങ്ങുന്നതെന്നും ഇതിന് സി.പി.എം വഴങ്ങില്ലെന്നും എം വി ഗോവിന്ദൻ അറിയിച്ചു.




എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കേസ് കമ്പനി എന്ന നിലയിൽ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ, എന്നാൽ ഇതിന്റെ മറവിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിടുന്ന നീക്കത്തെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. വീണയിലൂടെ പിണറായി വിജയനിലേക്കും റിയാസിന്റെ സുഹൃത്തുക്കളിലൂടെ മന്ത്രിയിലേക്കും കേസ് എത്തിക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. നേരത്തെ നടത്തിയ പരിശോധനകളിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാലാണ് ഒൻപതിടങ്ങളിൽ വീണ്ടും റെയ്ഡ് നടത്തി വിചിത്രമായ പത്രക്കുറിപ്പുകൾ ഇറക്കി പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.




കേന്ദ്രത്തിൽ ബി.ജെ.പി ഭരണത്തിലെത്തിയ ശേഷം രജിസ്റ്റർ ചെയ്ത കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്ന് കണക്കുകൾ നിരത്തി അദ്ദേഹം വിമർശിച്ചു. കൊടകര കുഴൽപ്പണക്കേസിലും ബി.ജെ.പി നേതാക്കൾ ആരോപണവിധേയരായ കേസുകളിലും ഒരന്വേഷണവും നടത്താത്ത ഇ.ഡി, പ്രതിപക്ഷങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നത്. കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുകയോ വിചാരണ നേരിടുകയോ ചെയ്യുന്നവരെ സമൂഹമധ്യത്തിൽ അപമാനിക്കുക എന്ന ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങളെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.






Feedback and suggestions