24, August, 2026
Updated on 24, August, 2026 10
ജാക്‌സൺ (ടെന്നസി): യു.എസിലെ ടെന്നസിയിൽ ഇന്ത്യൻ വംശജനായ കടയുടമയെ മകളുടെ മുന്നിലിട്ട് അക്രമി വെടിവെച്ചുകൊന്നു. ഗുജറാത്ത് മെഹ്‌സാന സ്വദേശിയായ സുരേഷ് പാർസോത്തംദാസ് പട്ടേൽ (56) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 20-ന് രാത്രി ഒൻപതോടെ ജാക്‌സണിലെ റിഡ്ജ്ക്രെസ്റ്റ് സെല്ലേഴ്‌സ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം. കട ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കകമാണ് ദുരന്തം.ആയുധവുമായെത്തിയ അജ്ഞാതൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയും തുടർന്ന് സുരേഷിനുനേരെ നിരന്തരം വെടിയുതിർക്കുകയുമായിരുന്നു. സംഭവസമയത്ത് 19-കാരിയായ മകളും സമീപത്തുണ്ടായിരുന്നു. ആക്രമണത്തിനിടെ കടയിലെ 70-കാരിയായ ജീവനക്കാരി ഭയന്നുവീഴുകയും കൈത്തണ്ടയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചാരനിറത്തിലുള്ള ഹൂഡിയും ജീൻസും ധരിച്ച്, പെയിന്റ്‌ബോൾ മാസ്‌ക് കൊണ്ട് മുഖം മറച്ച കറുത്ത വർഗക്കാരനാണ് അക്രമിയെന്ന് പൊലീസ് വ്യക്തമാക്കി. വെടിവെപ്പിനുശേഷം വെള്ള സെഡാൻ കാറിലാണ് ഇയാൾ രക്ഷപ്പെട്ടത്. കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിട്ട പൊലീസ്, പ്രതിയെക്കുറിച്ച് വിവരങ്ങൾ നൽകാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.30 വർഷമായി യു.എസിൽ സ്ഥിരതാമസക്കാരനായ സുരേഷ് പട്ടേൽ, ദീർഘകാലം ചിക്കാഗോയിലായിരുന്നു. ഒരു ആഴ്ച മുമ്പാണ് ജാക്‌സണിൽ പുതിയ സ്ഥാപനം ആരംഭിച്ചത്. മരണവിവരമറിഞ്ഞതോടെ ഗുജറാത്തിലെ ഇയാളുടെ ജന്മനാടും കടുത്ത ശോകമൂകമായി.