അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായിട്ടില്ല: ഡൊണാൾഡ് ട്രംപ്


22, August, 2026
Updated on 22, August, 2026 8


വാഷിംഗ്ടൺ: ഇറാൻ തങ്ങളുമായി കരാറിലെത്താൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അമേരിക്ക മുന്നോട്ടുവെച്ച കർശന വ്യവസ്ഥകൾ അംഗീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിൽ മേഖലയിൽ സംഘർഷം പുകയുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇറാനിലെ നിലവിലെ സാമ്പത്തിക സ്ഥിതി അതിഗുരുതരമാണെന്ന് ട്രംപ് അവകാശപ്പെട്ടു. രാജ്യത്തിന് ആവശ്യമായ സാമ്പത്തിക വിഭവങ്ങളില്ല. സൈനികർക്കും പൊലീസിനും ശമ്പളം നൽകാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഭരണകൂടം. ഇറാന്റെ നാവിക, വ്യോമസേനകൾ നിർവീര്യമായ അവസ്ഥയിലാണെന്നും രാജ്യത്ത് പണപ്പെരുപ്പം 350 ശതമാനത്തോളം ഉയർന്നതായും ട്രംപ് ആരോപിച്ചു.ഹോർമുസ് കടലിടുക്ക് അടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്ന് അവകാശപ്പെട്ട ട്രംപ്, തങ്ങളുടെ കാഴ്ചപ്പാടിലുള്ള 'ശരിയായ കരാറിന്' വഴങ്ങാൻ ഇറാൻ തയ്യാറാകണമെന്നും വ്യക്തമാക്കി.ഇറാനെതിരെ ഇതുവരെയില്ലാത്ത ശക്തമായ സാമ്പത്തിക ഉപരോധങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇറാന്റെ എണ്ണക്കടത്ത് ശൃംഖലകൾ, സാമ്പത്തിക ഇടപാടുകൾ, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുന്നണി കമ്പനികൾ എന്നിവയെ ലക്ഷ്യമിട്ടാണ് ഈ നടപടികൾ. ഇറാന് സാമ്പത്തികവും വാണിജ്യപരവുമായ പിന്തുണ നൽകുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇറാനെതിരെയുള്ള നീക്കങ്ങളെ 'സാമ്പത്തിക ഡി-ഡേ' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെ പൂർണമായി ഒറ്റപ്പെടുത്താൻ അമേരിക്കൻ സഖ്യകക്ഷികൾ വാഷിംഗ്ടണിനൊപ്പം അണിനിരക്കണമെന്നും അഭ്യർത്ഥിച്ചു. ഉപരോധങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത് സമ്മർദം ശക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.













































Feedback and suggestions