Israel-Iran Attacks sixth day updates
18, June, 2025
Updated on 18, June, 2025 25
![]() |
പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് മിസൈല്‍ വര്‍ഷം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് തടയാനായില്ലെന്ന് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. ടെഹ്‌റാന്‍ ലക്ഷ്യമിട്ട് പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. (Israel-Iran Attacks sixth day updates)
പശ്ചിമേഷ്യയിലേക്ക് ബിട്ടനും അമേരിക്കയും കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈഫയിലും ടെല്‍ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അമേരിക്കയില്‍ നിന്നും ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാനെ പിന്തുണയ്ക്കുമെന്ന് ഹൂതികള്‍ അറിയിച്ചു. ടെഹ്റാനില്‍ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ തുടരുന്നുവെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനവും ടെഹ്‌റാനിലെ വിവിധയിടങ്ങളിലും കനത്ത ആക്രണമാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയത്. ഇന്നലെ മാത്രം ഇറാനില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിലെ ടെല്‍ അവീവ്, പിറ്റാഹ് തിക്വ, ഹൈഫ തുടങ്ങിയ നഗരങ്ങളിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചു.
അതേസമയം ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ ഇടപെടലുമായി അമേരിക്കയും രംഗത്തെത്തി. ഇറാന്‍ കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അറിയാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഈ അവസരത്തില്‍ അവിടെ ആക്രമണം നടത്തില്ല. നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്ന് ദി ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്.