Israel kill 51 Palestinians waiting for flour at Gaza aid site
18, June, 2025
Updated on 18, June, 2025 21
![]() |
ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 51 പേര്‍. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗസ്സയിലെ സഹായ വിതരണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ വെടിവയ്പ്പുണ്ടായത്. ഖാന്‍ യൂനിസിലെ സഹായ കേന്ദ്രത്തിന് സമീപം ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതായി ഹമാസ് നടത്തുന്ന സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. 200-ലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. (Israel kill 51 Palestinians waiting for flour at Gaza aid site)
ഗാസയില്‍ സമീപ ദിവസങ്ങളില്‍ നടന്ന മിക്കവാറും എല്ലാ ആക്രമങ്ങളും ഭക്ഷണ വിതരണ കേന്ദ്രങ്ങളെ ലക്ഷ്യം ലച്ചാണ് നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) സൈറ്റില്‍ നിന്ന് ധാന്യപ്പൊടി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആയിരക്കണക്കിന് പലസ്തീനികള്‍ ഒത്തുകൂടിയ സ്ഥലത്താണ് ഇസ്രായേല്‍ വെടിവയ്പ്പ് നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ ബിബിസിയോട് വിശദീകരിച്ചിരിക്കുന്നത്.
പരുക്കേറ്റ നൂറുകണക്കിന് പേരെ നാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കിടക്കകള്‍ തികയാത്തതിനാല്‍ ഗുരുതര പരുക്കേറ്റവരെപ്പോലും വെറും നിലത്താണ് കിടത്തിയിരിക്കുന്നതെന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. സംഭവത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.