4, September, 2026
Updated on 4, September, 2026 13
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ ഒൻപത് ദിവസമായി കുടുങ്ങിക്കിടന്ന രണ്ട് എഞ്ചിനീയർമാരെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. റസുവ ജില്ലയിലെ ത്രിശൂലി 3എ ജലവൈദ്യുത പദ്ധതി പ്രദേശത്തുള്ള തുരങ്കത്തിൽ 170 മീറ്ററോളം ആഴത്തിൽ നിന്നാണ് നേപ്പാൾ സൈന്യവും സായുധ പോലീസും ചേർന്ന് സഞ്ജയ് ഷാ, കബീർ മഹാരാജൻ എന്നീ ജീവനക്കാരെ രക്ഷപ്പെടുത്തിയത്. പ്രളയത്തിൽ ഒഴുകിയെത്തിയ ചെളിയും കല്ലുകളും കാരണം ദിവസങ്ങളോളം തുരങ്കത്തിന്റെ കവാടം പൂർണ്ണമായി അടഞ്ഞുപോയ നിലയിലായിരുന്നു.
തുരങ്കത്തിനുള്ളിൽ നിന്ന് ആളുകളുടെ ശബ്ദം വ്യക്തമായി കേൾക്കാൻ തുടങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കുകയും ഇവരെ കണ്ടെത്തുകയും ചെയ്തത്. പുറത്തെത്തിച്ച രണ്ടുപേർക്കും പ്രാഥമിക ചികിത്സയും ഓക്സിജൻ സഹായവും നൽകിയ ശേഷം ഹെലികോപ്റ്റർ മാർഗ്ഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ ആളുകൾ ജീവനോടെ അകത്തുണ്ടെന്നും അവർ പരസ്പരം സംസാരിക്കുന്നുണ്ടെന്നും രക്ഷപ്പെട്ട തൊഴിലാളികൾ വ്യക്തമാക്കിയത് പ്രതീക്ഷകൾ ഇരട്ടിയാക്കിയിട്ടുണ്ട്.
പ്രളയത്തിൽ നേപ്പാളിൽ ഇതുവരെ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും അയ്യായിരത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ വിവിധ ജലവൈദ്യുത പദ്ധതികളിൽ നിന്നായി അഞ്ഞൂറോളം തൊഴിലാളികൾ ഇപ്പോഴും വ്യത്യസ്ത തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കാക്കുന്നത്. കനത്ത വെല്ലുവിളികൾക്കിടയിലും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ തുരങ്കത്തിനുള്ളിലെ ചെളിയും പാറകളും നീക്കം ചെയ്ത് കൂടുതൽ പേരെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സേന.