മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി


7, September, 2026
Updated on 7, September, 2026 11



ഗുജറാത്തിലെ വഡോദരയിൽ സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയുടെ സൌജന്യ പാസുകൾ പ്രമുഖ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത് പുതിയ ചരിത്രമായി. ബുക്കിംഗ് ആരംഭിച്ച് വെറും ഒരു മണിക്കൂറിനുള്ളിൽ പരിപാടിയുടെ മുഴുവൻ സീറ്റുകളും പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ പൊതുപരിപാടിക്ക് ടിക്കറ്റ് വിതരണത്തിനായി ഒരു സ്വകാര്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. 42,000-ത്തിലധികം ആളുകൾ നിലവിൽ കാത്തിരിപ്പ് പട്ടികയിലാണുള്ളതെന്ന് വഡോദര മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.


മഹാരാജ സായാജിറാവു സർവ്വകലാശാലയുടെ പവലിയൻ ഗ്രൗണ്ടിൽ നടക്കുന്ന "നമോ ഫോർ വികസിത് ഭാരത്" എന്ന ഈ പരിപാടിയിൽ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത പങ്കാളികൾക്ക് ക്യൂആർ കോഡ് അടങ്ങിയ ഡിജിറ്റൽ എം-ടിക്കറ്റ് ബുക്ക് മൈ ഷോ അക്കൗണ്ടുകൾ വഴി ലഭിക്കും. വേദിയിലെ തിരക്ക് ഒഴിവാക്കാനും സുഗമമായ പ്രവേശനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് രജിസ്ട്രേഷൻ മുതൽ സീറ്റിംഗ് വരെയുള്ള മുഴുവൻ പ്രക്രിയകളും പൂർണ്ണമായും ഡിജിറ്റലാക്കി മാറ്റിയിരിക്കുന്നത്.


വഡോദരയിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിൽ 35,000 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഇതിൽ 20,700 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ മൂന്ന് പ്രധാന ഭാഗങ്ങളുടെ സമർപ്പണവും വിവിധ റെയിൽവേ, ദേശീയപാത വികസന പദ്ധതികളും ഉൾപ്പെടുന്നു. ഗുജറാത്തിലെ ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി മുംബൈയിലേക്ക് തിരിക്കുകയും അവിടെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.




Feedback and suggestions