യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ


9, September, 2026
Updated on 9, September, 2026 7



ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലുടനീളമുള്ള വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയും അറുനൂറിലധികം വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. നാഷണൽ എയർ ട്രാഫിക് സർവീസിന്റെ ഫ്ലൈറ്റ് പ്രൊസസിംഗ് സിസ്റ്റത്തിലുണ്ടായ തകരാറാണ് വിമാന സർവീസുകളെ ബാധിച്ചത്. ലണ്ടനിലെ ഹീത്രൂ, മാഞ്ചസ്റ്റർ, ഗാറ്റ്‌വിക്, സ്റ്റാൻസ്റ്റെഡ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്. പെട്ടെന്നുണ്ടായ തകരാർ കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയത്.


തകരാർ പരിഹരിച്ച് സിസ്റ്റത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ചതായി നാഷണൽ എയർ ട്രാഫിക് സർവീസ് അറിയിച്ചെങ്കിലും സർവീസുകൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കും. തകരാർ മൂലം വിമാനങ്ങളുടെ പുറപ്പെടൽ വൈകുകയും റൺവേയിൽ വിമാനങ്ങൾ നിരയായി കിടക്കേണ്ടി വരികയും ചെയ്തത് വിമാനത്താവളങ്ങളിൽ വലിയ തിരക്കിനിടയാക്കി. ഈജിപ്റ്റ് എയർ, ബ്രിട്ടീഷ് എയർവേയ്‌സ്, ഈസിജെറ്റ്, റയാൻഎയർ തുടങ്ങി നിരവധി പ്രമുഖ എയർലൈൻസുകളുടെ സർവീസുകളെയാണ് ഇത് ബാധിച്ചത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് എയർലൈൻസുകളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.


സാങ്കേതിക തകരാർ കാരണം വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതിൽ നാഷണൽ എയർ ട്രാഫിക് സർവീസ് യാത്രക്കാരോട് ഔദ്യോഗികമായി മാപ്പ് അപേക്ഷിച്ചു. സുരക്ഷ മുൻനിർത്തി വിമാനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടി വന്നതാണ് വലിയ തോതിലുള്ള വിമാന സർവീസുകളുടെ റദ്ദാക്കലിന് കാരണമായത്. വിമാന ജീവനക്കാരുടെ സമയക്രമത്തിലും വിമാനങ്ങളുടെ പുനഃക്രമീകരണത്തിലും മാറ്റങ്ങൾ വന്നതിനാൽ അടുത്ത ദിവസങ്ങളിലും ചെറിയ രീതിയിലുള്ള സമയമാറ്റങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി.




Feedback and suggestions