ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്ക്ക് യാതൊരു നേട്ടവുമില്ല' ; വിമർശനവുമായി പി ചിദംബരം


10, September, 2026
Updated on 10, September, 2026 11


'

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടി രാജ്യത്തിന് യാതൊരുവിധ പ്രയോജനവും ഉണ്ടാക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നടന്ന ബ്രിക്സ് ഉച്ചകോടികളിൽ നിന്ന് ഇന്ത്യയ്ക്ക് പ്രതീകാത്മകമായി പോലും വ്യക്തമായ നേട്ടങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിആർഐസിഎസ്, എസ്സിഒ, ജി20, ക്വാഡ് തുടങ്ങി നിരവധി അന്താരാഷ്ട്ര കൂട്ടായ്മകളിൽ ഇന്ത്യ ഭാഗമാണെങ്കിലും ഇവയിലൂടെ രാജ്യത്തിന് ലഭിക്കുന്ന യഥാർത്ഥ പ്രയോജനം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ചില ഗുണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണെന്നും ചിദംബരം കൂട്ടിച്ചേർത്തു. 


അതേസമയം, ചിദംബരത്തിന്റെ പരാമർശത്തിനെതിരെ ബിജെപി അതിരൂക്ഷമായ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടുന്ന നയതന്ത്ര വിജയങ്ങളെ അംഗീകരിക്കാൻ കോൺഗ്രസ് പാർട്ടിക്കുള്ള വിമുഖതയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ആഘോഷങ്ങളിൽ എപ്പോഴും തടസ്സങ്ങൾ മാത്രം കാണുന്ന ബന്ധുക്കളെപ്പോലെയാണ് കോൺഗ്രസ് പെരുമാറുന്നതെന്ന് ബിജെപി വക്താക്കൾ പരിഹസിച്ചു. കോൺഗ്രസിന് നയതന്ത്ര രംഗത്ത് വലിയ പാരമ്പര്യമൊന്നുമില്ലെന്നും അവർ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയെ ഭയത്തോടെയാണ് കാണുന്നതെന്നും ഭരണപക്ഷം ആരോപിച്ചു. ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ചിദംബരത്തെ പരിഹസിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ബ്രിക്സ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം 85 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ടെന്നും വികസിച്ച ബ്രിക്സ് കൂട്ടായ്മ ലോകജനസംഖ്യയുടെ ഏകദേശം പകുതിയെയും ആഗോള ജിഡിപിയുടെ വലിയൊരു വിഹിതത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ ബ്രിക്സിൽ ഇന്ത്യയുടെ പങ്കാളിത്തത്തിന് സാമ്പത്തികവും തന്ത്രപരവുമായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


2026ൽ ബ്രിക്സ് അധ്യക്ഷസ്ഥാനം വഹിക്കുന്നത് ഇന്ത്യയാണ്. ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ ശക്തമായി പുരോഗമിക്കുകയാണ്. സെപ്റ്റംബർ 12, 13 തീയതികളിലാണ് പ്രധാന സമ്മേളനങ്ങൾ നടക്കുന്നത്. ഉച്ചകോടിയിൽ ഇന്ത്യയുടെ സാമ്പത്തിക, നയതന്ത്ര, ആഗോള പങ്ക് കൂടുതൽ ശക്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളതെന്ന് സർക്കാർ വ്യക്തമാക്കുന്നു. റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും ഇന്ത്യാ സന്ദർശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ഉച്ചകോടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്.




Feedback and suggestions