ദില്ലിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ പരമാധികാരത്തെയും പ്രശംസിച്ച് ചൈന രംഗത്തെത്തി. ഇന്ത്യയുടേത് സ്വതന്ത്രമായ വിദേശനയമാണെന്നും ചൈനയുമായുള്ള ബന്ധം വികസിപ്പിക്കുന്നത് മൂന്നാമതൊരു രാജ്യത്തിന്റെയും സ്വാധീനത്തിലല്ലെന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ നിലപാടിനെ ചൈന ഏറെ വിലമതിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുനേതാക്കളും തമ്മിൽ നടന്ന ചർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ധാരണ ഇന്ത്യയും ചൈനയും എതിരാളികളല്ല, മറിച്ച് പങ്കാളികളാകണം എന്നതാണെന്ന് ചൈനീസ് വിദേശകാര്യ
മന്ത്രാലയ വക്താവ് ഗോ ജിയാകുൻ അറിയിച്ചു.
സ്വന്തം മണ്ണിൽ ചൈന വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായും ചൈന ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളുടെയും ദേശീയ സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും, പരസ്പര ധാരണയോടെയും പിന്തുണയോടെയും വികസനം കൈവരിക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കരുതെന്നും, അതിർത്തിയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ചേർന്ന് പ്രവർത്തിക്കുമെന്നും ചർച്ചയിൽ ധാരണയായി.