ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ'; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി


18, September, 2026
Updated on 18, September, 2026 6



യമനിലെ ഹൂതി വിമതർ ചെങ്കടൽ തീരങ്ങളിൽ നിയന്ത്രണം വ്യാപിപ്പിച്ചതും ബാബ് അൽ-മന്ദബ് കടലിടുക്കിലെ പുതിയ മുന്നേറ്റങ്ങളും സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിക്കും ആഗോള ഊർദ്ധ വിപണിക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചെങ്കടലിലെ തന്ത്രപ്രധാനമായ മോഖ തുറമുഖവും ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള ചില ദ്വീപുകളും ഹൂതികൾ പിടിച്ചെടുത്തിട്ടുണ്ട്. സമാധാനകാലത്ത് ലോകത്തെ ആഗോള വ്യാപാരത്തിന്റെ 12 ശതമാനത്തോളം കടന്നുപോകുന്ന പാതയാണിത്. ഇതിനുപുറമെ എണ്ണ സമ്പന്നമായ പ്രവിശ്യയായ മാരിബിന് ചുറ്റും ഹൂതികൾ കനത്ത പോരാട്ടം തുടരുകയാണ്. സൗദി പിന്തുണയുള്ള സേനയുടെ പ്രധാന സൈനിക കേന്ദ്രമാണ് മാരിബ്. യെമനിലെ ദീർഘകാലമായുള്ള ആഭ്യന്തര യുദ്ധത്തിന്റെ പ്രധാന കേന്ദ്രമായ തൈസിനെയും ഹൂതികൾ ഭീഷണിപ്പെടുത്തുന്നുണ്ട്. പുതിയ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1,25,000-ത്തോളം യെമനികൾ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. 12 വർഷമായി തുടരുന്ന യെമൻ ആഭ്യന്തര യുദ്ധത്തിൽ ഇതിനോടകം 150,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും രാജ്യം കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. സൗദി അറേബ്യയുടെ എണ്ണ സൗകര്യങ്ങൾക്കും ടാങ്കറുകൾക്കും നേരെയും ഹൂതികൾ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്. സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ എണ്ണ കയറ്റുമതിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയും ആഗോള വിപനിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങൾ നിയന്ത്രിക്കുന്ന പ്രദേശങ്ങൾക്ക് മേൽ സൗദി അറേബ്യ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്നാണ് ഹൂതികളുടെ പ്രധാന ആവശ്യം.




 ചെങ്കടലിലെ ഹൂതികളുടെ മുന്നേറ്റം പ്രാദേശിക സംഘർഷങ്ങളിൽ ഇറാനു കൂടുതൽ സ്വാധീനം നൽകിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സൗദി കപ്പലുകളെയാണ് നിലവിൽ പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിലും ഭാവിയിൽ ഈ മാനദണ്ഡങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ബാബ് അൽ-മന്ദബ് വഴിയുള്ള കപ്പൽ ഗതാഗതം പിന്നീട് ഭാഗികമായി സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യയും സഖ്യകക്ഷികളും വർഷങ്ങളായി പാടുപെടുകയാണ്. നിലവിലെ സാഹചര്യത്തിൽ നയതന്ത്ര ചർച്ചകൾക്ക് റിയാദ് തയ്യാറെടുത്തേക്കാമെന്നാണ് സൂചന. ഒമാന്റെ മാധ്യസ്ഥതയിൽ അമേരിക്കയും ഹൂതി പ്രതിനിധികളും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ട്. 




സൗദി അറേബ്യയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായ കപ്പൽ ഗതാഗതവുമാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാന ആശങ്ക. മേഖലയിലെ സമുദ്ര പാതകളുടെ മേലുള്ള നിയന്ത്രണം ആഗോള ഊർജ്ജ പ്രതിസന്ധിയെത്തന്നെ സ്വാധീനിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്. അതിനിടയിൽ യെമനിലെ മാനുഷിക പ്രതിസന്ധിയും അതീവ ഗുരുതരമായി തുടരുകയാണ്. പുതിയ പോരാട്ടങ്ങളിൽ സാധാരണക്കാരായ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യു.എൻ. ഫണ്ടിംഗിന്റെ കുറവ് യെമനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ദാരുണമായി ബാധിക്കുന്നുണ്ട്.






Feedback and suggestions