നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പറന്നുയർന്ന് ബി.എം.ഡബ്ല്യു കാർ; മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം


20, September, 2026
Updated on 20, September, 2026 1



മുംബൈ കോസ്റ്റൽ റോഡിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ലോട്ടസ് ജെട്ടിക്ക് സമീപവും ലാലാ ലജ്പത് റായ് കോളേജിന് എതിർവശത്തുമാണ് സംഭവം നടന്നത്. മെയ്ൻ ഡ്രൈവിൽ നിന്ന് ഹാജി അലി ഭാഗത്തേക്ക് അതിവേഗത്തിൽ വരികയായിരുന്ന ബി.എം.ഡബ്ല്യു കാർ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പറന്നുയർന്ന് താഴെയുള്ള നിർമ്മാണ സ്ഥലത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളും പൊലീസും വ്യക്തമാക്കുന്നു.


അഹമ്മദാബാദ് സ്വദേശികളായ ആദിത്യ ഓസ്വാൾ, ആദിത്യ ജകാസ്നിയ, സനായ് ഗുജർ, 17 വയസ്സുള്ള മറ്റൊരു കുട്ടി എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന സനായ് ഗുജറടക്കം മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ ആദിത്യ ഓസ്വാൾ മാത്രമാണ് ഈ ദുരന്തത്തിൽ ജീവനോടെ രക്ഷപ്പെട്ടത്. മുംബൈ ജുഹുവിലെ എൻ.എം.ഐ.എം.എസ് കോളേജിലെ വിദ്യാർത്ഥികളായ ഇവർ പേയിങ് ഗെസ്റ്റ് താമസക്കാരാണ്. മറൈൻ ഡ്രൈവ് സന്ദർശിച്ച ശേഷം മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.അപകടത്തെ തുടർന്ന് പൂർണ്ണമായി തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് മുംബൈയിലുള്ള ബന്ധുക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






Feedback and suggestions