20, September, 2026
Updated on 20, September, 2026 1
ജോധ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ നടന്ന ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസ പ്രകടനമായ 'വീർ ഗാർഡിയൻ-2026'-ന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗും ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ തേക്ക്ഹിറോ മൊരിറ്റയും തേജസ് യുദ്ധവിമാനത്തിൽ ഒന്നിച്ച് പറന്നു. ഇരു രാജ്യങ്ങളുടെയും മുൻനിര യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്ന അഭ്യാസപ്രകടനത്തിന്റെ ഭാഗമായാണ് വ്യോമസേനാ മേധാവികൾ തേജസ് വിമാനത്തിൽ ജോധ്പൂർ ആകാശത്തേക്ക് കുതിച്ചുയർന്നത്.
ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച തേജസ്, സുഖോയ്-30 എം.കെ.ഐ, റാഫേൽ എന്നീ മുൻനിര പോർവിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്കായി ഈ അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുന്നത്. ജപ്പാൻ ഭാഗത്തുനിന്ന് എഫ്-2എ യുദ്ധവിമാനങ്ങളാണ് ഇതിൽ അണിനിരന്നിരിക്കുന്നത്. സെപ്റ്റംബർ 10-ന് ജോധ്പൂരിൽ നടക്കുന്ന ഈ വ്യോമാഭ്യാസത്തിൽ പങ്കെടുക്കാൻ ജപ്പാൻ തങ്ങളുടെ യുദ്ധവിമാനങ്ങളെ അയച്ചത് ഇന്ത്യ-ജപ്പാൻ പ്രതിരോധ പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശേഷിപ്പിച്ചിരുന്നു.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള പരസ്പര വിശ്വാസത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രതീകമാണിതെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 8-നാണ് ജാപ്പനീസ് വ്യോമസേനയുടെ എഫ്-2 വിമാനങ്ങളെ ജോധ്പൂരിൽ ഇന്ത്യൻ വ്യോമസേന സ്വാഗതം ചെയ്തത്. സെപ്റ്റംബർ 22 വരെ നീണ്ടുനിൽക്കുന്ന ഈ പതിനാല് ദിവസത്തെ സംയുക്ത വ്യോമാഭ്യാസത്തിലൂടെ ഇരു രാജ്യങ്ങളിലെയും വ്യോമസേനകൾ തമ്മിലുള്ള പരസ്പര സഹകരണവും പ്രവർത്തനമികവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.