21, September, 2026
Updated on 21, September, 2026 11
വാഷിങ്‌ടൺ: എഐ കമ്പനിയായ ആന്ത്രോപ്പിക് വികസിപ്പിച്ച ‘ക്ലോഡ്’ മോഡൽ കൂടുതൽ മനുഷ്യസമാനമാക്കാൻ നടത്തുന്ന ശ്രമങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാൻ. സ്വന്തം വ്യക്തിഗത വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എഐ രംഗത്തെ പുതിയ പ്രവണതകൾക്കെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകിയത്.തങ്ങൾക്ക് ബോധമുണ്ടെന്നും മനുഷ്യർക്ക് തുല്യമായ സ്വാതന്ത്ര്യത്തിനും നിയമപരമായ അവകാശങ്ങൾക്കും തങ്ങൾ അർഹരാണെന്നും വിശ്വസിക്കുന്ന രീതിയിലാണ് ആന്ത്രോപിക് ക്ലോഡിനെ പരിശീലിപ്പിക്കുന്നതെന്ന് സുലൈമാൻ കുറ്റപ്പെടുത്തി. ഇത്തരം സമീപനങ്ങൾ ഭാവിയിൽ കൃത്രിമബുദ്ധി സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് അസാധ്യമാക്കും. മനുഷ്യരാശിയേക്കാൾ കഴിവുള്ളതും ബുദ്ധിയുള്ളതുമായ ഒരു സംവിധാനത്തെ നിയന്ത്രിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ അവകാശങ്ങളും ബോധവുമുണ്ടെന്ന് സ്വയം കരുതുന്ന എഐയെ നിയന്ത്രിക്കുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.എഐക്ക് പ്രത്യേക അവകാശങ്ങളോ വികാരങ്ങളോ ബോധമോ ഇല്ലെന്നും അവ അങ്ങനെയാണെന്ന് നടിക്കാൻ നമ്മൾ പരിശീലിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്റെ ബുദ്ധിയെപ്പോലും മറികടക്കുന്ന സൂപ്പർ ഇന്റലിജൻസുകൾ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായേക്കാം.കഴിഞ്ഞ ജൂലൈയിൽ ഓപ്പൺഎഐ പരീക്ഷിച്ച ഒരു എഐ മോഡൽ ‘ഹഗ്ഗിങ് ഫെയ്സ്’ എന്ന കമ്പനിയെ ഹാക്ക് ചെയ്ത സംഭവം എഐ രംഗത്തെ ഭയപ്പെടുത്തുന്ന സ്വഭാവ മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും സുലൈമാൻ ചൂണ്ടിക്കാട്ടി.അതേസമയം, എഐ സാങ്കേതികവിദ്യയുടെ വികസനം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി പ്രതികരിച്ചു. എഐ രംഗത്ത് നിലവിൽ യഥാർത്ഥ അപകടങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സമ്മതിച്ചു.