നെവാഡയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ പ്രളയഭീഷണി തുടരുന്നു


14, October, 2026
Updated on 14, October, 2026 9


ലാസ് വെഗാസ്: ഉഷ്ണമേഖലാ കൊടുങ്കാറ്റായ റേച്ചലിനെ തുടര്‍ന്ന് നെവാഡയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായതിനു പിന്നാലെ യുഎസിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ പ്രളയഭീഷണി തുടരുന്നു. മേഖലയില്‍ കൂടുതല്‍ മഴയ്ക്കും ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ചയും വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ്. വാരാന്ത്യത്തില്‍ ലാസ് വെഗാസിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു.ഒക്ടോബര്‍ മാസത്തില്‍ ഒരു ദിവസം ലഭിക്കുന്ന മഴയുടെ എക്കാലത്തെയും റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ലാസ് വെഗാസ്. ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ 1.08 ഇഞ്ച് മഴയാണ് നഗരത്തില്‍ ലഭിച്ചത്. 1947-ലാണ് ഒക്ടോബര്‍ മാസത്തില്‍ ഇതിന് തുല്യമായ മഴ അവസാനമായി രേഖപ്പെടുത്തിയത്. ലാസ് വെഗാസ് സ്ട്രിപ്പിന് സമീപമുള്ള റോഡിലൂടെ ശക്തമായി വെള്ളമൊഴുകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പശ്ചാത്തലത്തില്‍ ഫെറിസ് വീലും കാസിനോകളും കാണാവുന്ന ദൃശ്യങ്ങള്‍ നഗരത്തിലെ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു.




റേച്ചല്‍ കൊടുങ്കാറ്റിന്റെ ഏറ്റവും ശക്തമായ ആഘാതം പിന്നിട്ടെങ്കിലും പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടരുന്നതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ആന്‍ഡ്രൂ ഓറിസണ്‍ പറഞ്ഞു. യൂട്ട, തെക്കുകിഴക്കന്‍ ഐഡഹോ, അരിസോണയുടെ വടക്കന്‍-മധ്യ മേഖലകള്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ഉച്ചവരെ പ്രളയജാഗ്രതാ നിര്‍ദേശം നിലവിലുണ്ടായിരുന്നു. ഗ്രാന്‍ഡ് കാന്യണ്‍ പ്രദേശവും മുന്നറിയിപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന മഴ റേച്ചലിന്റെ ശേഷിപ്പുകള്‍ മൂലമല്ലെന്നും പടിഞ്ഞാറന്‍ യുഎസിലൂടെ നീങ്ങുന്ന മറ്റൊരു കാലാവസ്ഥാ സംവിധാനത്തിന്റെ ഫലമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ചയോടെ മഴ അവസാനിക്കുമെന്നാണ് പ്രവചനം.




റേച്ചലിനെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റും മഴയും അസാധാരണമായി ഉയര്‍ന്ന തിരമാലകളും തെക്കന്‍ കാലിഫോര്‍ണിയയുടെ തീരപ്രദേശങ്ങളെയും ബാധിച്ചു. ലോങ് ബീച്ചില്‍ കടല്‍ത്തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു. ശക്തമായ തിരമാലകള്‍ ചരിത്രപ്രാധാന്യമുള്ള കടല്‍ത്തീര നടപ്പാതയുടെ ഭാഗങ്ങള്‍ തകര്‍ക്കുകയും തീരത്തെ വീടുകളില്‍ ഇടിച്ചുകയറുകയും ചെയ്തു. അതേസമയം, അറ്റ്‌ലാന്റിക് ചുഴലിക്കാറ്റ് സീസണിലെ ആദ്യ ചുഴലിക്കാറ്റായ ഇസയാസ് തീരത്തുനിന്ന് ദൂരേക്ക് നീങ്ങിയതിനാല്‍ യുഎസിന്റെ കിഴക്കന്‍ തീരത്ത് നിലവില്‍ തെളിഞ്ഞ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച ഫ്‌ലോറിഡയിലെ ഡെസ്റ്റിന് സമീപം കാറ്റഗറി 2 ചുഴലിക്കാറ്റായി കരതൊട്ട ഇസയാസ് പിന്നീട് അലബാമയിലേക്കും നീങ്ങിയിരുന്നു. കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് കുറഞ്ഞത് നാലുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഫ്‌ലോറിഡയിലെ പാന്‍ഹാന്‍ഡില്‍ മേഖലയിലും തെക്കന്‍ അലബാമയിലുമായി തിങ്കളാഴ്ച രാവിലെ ഏകദേശം 1.58 ലക്ഷം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ മിക്കയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാനാകുമെന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, മധ്യ അറ്റ്‌ലാന്റിക് മേഖല മുതല്‍ തെക്കുകിഴക്കന്‍ യുഎസ് വരെയും തെക്കന്‍ അപ്പലേച്ചിയന്‍ പര്‍വതപ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളില്‍ സാധാരണയെക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുന്നതിനാല്‍ വേനല്‍ക്കാലത്തിന് സമാനമായ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.






Feedback and suggestions