മരണത്തെ തോൽപ്പിക്കാനാകുമോ? പുടിന്റെ മകളുടെ ശ്രദ്ധേയമായ നീക്കം! ആയുർദൈർഘ്യം കൂട്ടാൻ റഷ്യയുടെ വൻ നിക്ഷേപം


25, October, 2026
Updated on 25, October, 2026 8


മനുഷ്യന് 150 വയസ്സുവരെ ജീവിക്കാനാകുമോ? മരണം പൂർണമായി ഒഴിവാക്കാൻ ശാസ്ത്രത്തിന് ഒരുനാൾ കഴിയുമോ? മനുഷ്യന്റെ ആയുസ്സ് വർധിപ്പിക്കാനുള്ള ഗവേഷണങ്ങൾക്കിടെ റഷ്യയിൽ നിന്നുള്ള പുതിയ നീക്കങ്ങൾ ശ്രദ്ധ നേടുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മൂത്ത മകൾ മരിയ വൊറോൺത്സോവയാണ് മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിക്കുന്നതിനെക്കുറിച്ചും വാർധക്യത്തെ നേരിടാനുള്ള വൈദ്യശാസ്ത്ര സാധ്യതകളെക്കുറിച്ചും ചർച്ച നടത്തിയത്. മോസ്കോ സ്റ്റേറ്റ് സർവകലാശാലയിലെ മെഡിക്കൽ റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയും 41 വയസ്സുള്ള എൻഡോക്രൈനോളജിസ്റ്റുമായ മരിയ, കഴിഞ്ഞയാഴ്ച മോസ്കോയിൽ നടന്ന ‘ലൈവ് ലോങ്, ലൈവ് ഡിഫറന്റ്ലി’ എന്ന വേദിയിലാണ് വിഷയത്തിൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ വ്യായാമം, മദ്യപാനം പരിമിതപ്പെടുത്തൽ തുടങ്ങിയ ശീലങ്ങളിലൂടെ മനുഷ്യന് എൺപതുകളുടെ അവസാനത്തോളം ജീവിക്കാൻ കഴിയുമെന്ന് മരിയ അഭിപ്രായപ്പെട്ടു. എന്നാൽ അതിനപ്പുറം ആയുസ്സ് നീട്ടണമെങ്കിൽ മനുഷ്യശരീരത്തിന്റെ ജൈവപരമായ പരിധികളെ മറികടക്കാൻ സഹായിക്കുന്ന നിർണായക ശാസ്ത്രീയ മുന്നേറ്റങ്ങൾ ആവശ്യമാണ്. മരണത്തെക്കുറിച്ചുള്ള മനുഷ്യരുടെ വർധിച്ചുവരുന്ന ഭയം അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ ആരോഗ്യരംഗത്തെ പുതിയ പരിഹാരങ്ങൾ തേടാൻ പ്രേരിപ്പിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, മനുഷ്യന് അനന്തമായി ജീവിക്കാനുള്ള സാധ്യത ശാസ്ത്രം ഇപ്പോഴും തെളിയിച്ചിട്ടില്ല.

മനുഷ്യന്റെ ആയുസ്സ് വർധിപ്പിക്കാനുള്ള താൽപര്യം പുടിന്റെ മകളിൽ മാത്രം ഒതുങ്ങുന്നതല്ല. ജൈവസാങ്കേതികവിദ്യയിലൂടെയും അവയവമാറ്റ ശസ്ത്രക്രിയയിലൂടെയും സജീവമായ ജീവിതകാലം നീട്ടുന്നതിനെക്കുറിച്ച് പുടിനും നേരത്തേ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബെയ്ജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മനുഷ്യർക്ക് 150 വയസ്സുവരെ ജീവിക്കാനാകുമെന്ന സാധ്യതയെക്കുറിച്ച് ഇരുവരും സംസാരിക്കുന്നത് കേട്ടിരുന്നു. വൈദ്യശാസ്ത്രത്തിലെ പുരോഗതിയും അവയവമാറ്റ ശസ്ത്രക്രിയയും കൂടുതൽ കാലം സജീവമായി ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നുവെന്നും പുടിൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2024ൽ ആരോഗ്യസംരക്ഷണവും ആയുർദൈർഘ്യവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് 26 ബില്യൺ ഡോളറിന്റെ ‘ന്യൂ ടെക്നോളജീസ് ഫോർ ഹെൽത്ത് പ്രിസർവേഷൻ’ ദേശീയ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. ജനിതകശാസ്ത്രത്തിലും കോശങ്ങളുടെ വാർധക്യം മന്ദഗതിയിലാക്കാനുള്ള ചികിത്സാരീതികളിലും റഷ്യ നിക്ഷേപം നടത്തുന്നുണ്ട്.


എന്നാൽ, അമരത്വം അഥവാ മരണമില്ലാത്ത ജീവിതം ഇപ്പോഴും ശാസ്ത്രത്തിന് അകലെയാണ്. മനുഷ്യന്റെ പരമാവധി ആയുസ്സ് പൊതുവെ ഏകദേശം 125 വർഷമായി കണക്കാക്കപ്പെടുന്നു. പൂർണമായി പ്രവർത്തനക്ഷമമായ മനുഷ്യാവയവങ്ങൾ ലബോറട്ടറിയിൽ വളർത്തിയെടുക്കുന്നതും നിലവിൽ സാധ്യമായിട്ടില്ല. റഷ്യയിലെ കുർചതോവ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ത്രിമാന അച്ചടിയിലൂടെ മനുഷ്യകലകളും അവയവങ്ങളും സൃഷ്ടിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നുണ്ട്. പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന ജീൻ ചികിത്സകളും ഗവേഷണവിഷയമാണ്. എന്നാൽ, യുക്രെയ്നിലെ യുദ്ധം തുടരുന്നതിനിടെ പൊതുപണം ഇത്തരം പദ്ധതികൾക്കായി ചെലവഴിക്കുന്നതിനെക്കുറിച്ചും വിമർശനങ്ങളുണ്ട്. ആരോഗ്യകരമായ ആയുസ്സ് നീട്ടുക എന്നത് ശാസ്ത്രീയമായി ലക്ഷ്യമിടാവുന്ന കാര്യമായിരിക്കുമ്പോഴും മരണത്തെ പൂർണമായി തോൽപ്പിക്കുക എന്നത് ഇപ്പോഴും വിദൂര സാധ്യതയായി തുടരുന്നു.






Feedback and suggestions