അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി! അടുപ്പിൽ തീ പുകയാതെ പാകിസ്ഥാൻ; സിലിണ്ടർ വില 13,000 തൊട്ടതോടെ പിന്മാറ്റം


26, October, 2026
Updated on 26, October, 2026 7


ഇറാനുമായുള്ള അതിർത്തികൾ അടച്ചതിനു പിന്നാലെ പാചകവാതക വില കുതിച്ചുയർന്നതോടെ പ്രതിസന്ധിയിലായി പാകിസ്ഥാൻ. 12 കിലോഗ്രാം എൽപിജി സിലിണ്ടറിന് 13,000 പാകിസ്ഥാൻ രൂപ വരെ വില ഉയർന്നേക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് ഒരാഴ്ച മുൻപ് അടച്ച ഗബ്ദ്-റിംദാൻ, തഫ്താൻ അതിർത്തികൾ വീണ്ടും തുറക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. കാരണങ്ങൾ വ്യക്തമായി പ്രഖ്യാപിക്കാതെയായിരുന്നു ആദ്യം അതിർത്തികൾ അടച്ചത്. സുരക്ഷാ കാരണങ്ങളാണ് പാകിസ്ഥാനി അധികൃതർ അനൗദ്യോഗികമായി ചൂണ്ടിക്കാട്ടിയത്. സാങ്കേതിക കാരണങ്ങളെന്നാണ് ഇറാന്റെ വിശദീകരണം.


പ്രതിദിനം ഏകദേശം 7,000 ടൺ എൽപിജിയാണ് ഇറാനിൽ നിന്ന് പാകിസ്ഥാൻ വാങ്ങിയിരുന്നത്. അതിർത്തി അടച്ചതോടെ ബലൂചിസ്ഥാനിൽ 12 കിലോഗ്രാം സിലിണ്ടറിന്റെ വില 4,500 പാക്കിസ്ഥാനി രൂപയിൽ നിന്ന് 7,000 രൂപയായി ഉയർന്നു. സ്കർദുവിൽ വില 8,200 രൂപയിലെത്തി. ചില പ്രദേശങ്ങളിൽ 10,000 രൂപയ്ക്കാണ് വിൽപന നടന്നത്. വില 13,000 പാകിസ്ഥാൻ രൂപയിലേക്ക് എത്തുമെന്ന ആശങ്കയ്ക്കിടെയാണ് അതിർത്തി വീണ്ടും തുറക്കാനുള്ള തീരുമാനം. ഗ്വാദർ മേഖലയിലെ ഗബ്ദ്-റിംദാൻ ചെക്ക് പോയിന്റ് ഗേറ്റ് 250 എന്നും അറിയപ്പെടുന്നു. അതിർത്തി അടച്ചതോടെ ഇരുവശത്തും ചരക്കു ട്രക്കുകൾ കുടുങ്ങിക്കിടന്നിരുന്നു. ശനിയാഴ്ച മുതൽ വ്യാപാര ഇടപാടുകൾ പുനരാരംഭിച്ചതായി ഗ്വാദർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് നവീദ് ജാൻ കൽമാട്ടി അറിയിച്ചു. അതിർത്തി തുറന്നത് വ്യാപാരികൾക്കും ട്രക്ക് ഉടമകൾക്കും ഡ്രൈവർമാർക്കും ആശ്വാസമാകുമെന്നും എൽപിജി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില കുറയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്വാദർ നഗരത്തിനു സമീപം ഏതാനും ദിവസം മുൻപ് ഭീകരാക്രമണ ശ്രമമുണ്ടായെന്നും സുരക്ഷാ ഏജൻസികൾ അത് വിജയകരമായി തടഞ്ഞെന്നുമാണ് പാകിസ്ഥാൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അവകാശപ്പെട്ടത്. ഇതും അതിർത്തി അടച്ചതിനു പിന്നിലെ കാരണമായി ചൂണ്ടിക്കാട്ടിയെങ്കിലും പാകിസ്ഥാൻ വാണിജ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, പാകിസ്ഥാൻ അതിർത്തി അടച്ചതോടെ ഇറാൻ എൽപിജി കയറ്റുമതി അഫ്ഗാനിസ്ഥാനിലേക്കും അഫ്ഗാൻ വഴി ചൈനയിലേക്കും തിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ വ്യവസായിയും ശതകോടീശ്വരനുമായ ബാബക് സൻജാനി തന്റെ കമ്പനിയുടെ കയറ്റുമതി മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയതായും താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കി, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.


അമേരിക്കയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രതീക്ഷിച്ച അളവിൽ എൽപിജി ലഭിക്കാത്തതാണ് അതിർത്തി തുറക്കാൻ പാകിസ്ഥാനെ നിർബന്ധിതരാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാനും ഇറാനും തമ്മിൽ 909 കിലോമീറ്റർ അതിർത്തിയുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാനും ഇറാനിലെ സിസ്താൻ-ബലൂചെസ്താൻ പ്രവിശ്യയും തമ്മിലുള്ള ഈ അതിർത്തി വ്യാപാരത്തിനും ഇന്ധന വിതരണത്തിനും നിർണായകമാണ്. അതിർത്തി അടച്ചതിനെത്തുടർന്നുണ്ടായ വിലക്കയറ്റവും വിതരണ പ്രതിസന്ധിയും പാകിസ്ഥാനെ തീരുമാനം തിരുത്താൻ പ്രേരിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിർത്തി തുറന്നതോടെ ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലയും എത്രത്തോളം കുറയുമെന്നതാണ് ഇനി ശ്രദ്ധേയം.




Feedback and suggestions