റഷ്യൻ വാഹനങ്ങൾക്ക് പകരം ഇന്ത്യയുടെ സ്വന്തം വിക്രം VT-21: അടുത്ത തലമുറ കോംബാറ്റ് വാഹന നിർമ്മാണത്തിൽ നിർണായക നാഴികക്കല്ല പിന്നിട്ട് ഡിആർഡിഒ


29, October, 2026
Updated on 29, October, 2026 1


ഇന്ത്യൻ സൈന്യത്തിനായി അടുത്ത തലമുറയിലുള്ള ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ (ICV) വികസിപ്പിക്കുന്നതിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) നിർണായക നാഴികക്കല്ല് പിന്നിട്ടു. വിക്രം VT-21 ന്റെ വീൽഡ് പതിപ്പ് വികസന ട്രയലുകൾക്കിടയിൽ പ്രവർത്തനപരമായ ആവശ്യകതകൾ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.




1980-കൾ മുതൽ മെക്കാനൈസ്ഡ് ഇൻഫൻട്രിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന റഷ്യൻ നിർമ്മിത BMP-II ഇൻഫൻട്രി കോംബാറ്റ് വാഹങ്ങളുടെ പഴയനിരയ്ക്ക് പകരമായാണ് സൈന്യം പുതിയ വാഹനങ്ങൾ തേടുന്നത്. വിജയകരമായ പരീക്ഷണങ്ങൾക്കും സൈന്യത്തിന്റെ അംഗീകാരത്തിനും വിധേയമായി, 2029-ഓടെ പുതിയ പ്ലാറ്റ്‌ഫോമുകൾ സേനയിൽ ഉൾപ്പെടുത്താനാണ് DRDO ലക്ഷ്യമിടുന്നത്. അഹ്ല്യാഗറിലെ DRDO ലബോറട്ടറിയായ വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (VRDE), രണ്ട് സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഇതിന്റെ ട്രാക്ക്ഡ്, വീൽഡ് പതിപ്പുകൾ വികസിപ്പിച്ചെടുത്തത്. ഈ വർഷം ഏപ്രിൽ 25-നാണ് പ്രോട്ടോടൈപ്പുകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. വീൽഡ് പ്ലാറ്റ്‌ഫോമിന്റെ വിപുലമായ പരീക്ഷണങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ട്രാക്ക്ഡ് പതിപ്പിന്റെ പരീക്ഷണങ്ങൾ സമാന്തരമായി പുരോഗമിക്കുകയാണെന്നും മുതിർന്ന ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.




ചലനശേഷി, ട്രെഞ്ച് ക്രോസിങ്, കൂടാതെ ടററ്റോടുകൂടിയ ആംഫിബിയൻ ശേഷി തുടങ്ങിയ പ്രധാന പ്രവർത്തനപരമായ ആവശ്യകതകൾ വീൽഡ് വാഹനം വിജയകരമായി പാലിച്ചതായി ട്രയലുകൾ തെളിയിക്കുന്നു. വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങളിൽ ചലനശേഷി, ആയുധ സംവിധാനങ്ങൾ, ഫയറിങ് ശേഷി എന്നിവ വിലയിരുത്തുന്നതിനായി മരുഭൂമികൾ, സമതലങ്ങൾ, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സൈന്യം കൂടുതൽ പരീക്ഷണങ്ങൾ നടത്തും. ഈ വിലയിരുത്തലുകളിൽ നിന്നുള്ള ഫഡ്‌ബാക്കുകൾ വാഹനം പൂർണ്ണമായി സേനയിൽ ഉൾപ്പെടുത്തുന്നതിന് മുൻപുള്ള മാറ്റങ്ങൾക്ക് വഴികാട്ടിയാകും.




റോഡ് മൊബിലിറ്റിക്കും വേഗത്തിലുള്ള നീക്കത്തിനും വീൽഡ് പതിപ്പ് കൂടുതൽ പ്രയോജനപ്പെടുമ്പോൾ, ബുദ്ധിമുട്ടേറിയ ഓഫ്-റോഡ് ഭൂപ്രകൃതിക്ക് ട്രാക്ക്ഡ് പതിപ്പായിരിക്കും കൂടുതൽ അനുയോജ്യമാകുക. ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രവർത്തന സാഹചര്യങ്ങളിൽ വിക്രം VT-21-ന് ഈ ആവശ്യകതകൾ നിറവേറ്റാൻ കഴിയുമോ എന്ന് നിർണ്ണയിക്കുന്നതിൽ സൈന്യത്തിന്റെ പരീക്ഷണങ്ങൾ നിർണ്ണായകമാകും. ഈ പദ്ധതിയിലൂടെ ആഭ്യന്തരമായി കവചിത വാഹന നിർമ്മാണം ശക്തിപ്പെടുത്താനും ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.





Feedback and suggestions