25, October, 2026
Updated on 25, October, 2026 5
തിരുവനന്തപുരം: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച രോഗികളുടെ ചികിത്സയ്ക്കായി കുറഞ്ഞ വിലയിലുള്ള നാറ്റ്കോ (Natco Pharma) കമ്പനിയുടെ ജനറിക് മരുന്ന് ലഭ്യമാക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം വലിയ ആശ്വാസമാകുന്നു. രോഗികളുടെ പേശികളെ ക്രമേണ ദുർബലമാക്കുകയും ചലന-ശ്വസന ശേഷികളെ ബാധിക്കുകയും ചെയ്യുന്ന ഈ രോഗത്തിന് പൂർണ്ണമായ ചികിത്സ ലഭ്യമല്ലെങ്കിലും, രോഗ പുരോഗതി മന്ദഗതിയിലാക്കാൻ 'റിസ്ഡിപ്ലാം' (Risdiplam) എന്ന മരുന്ന് സഹായിക്കും. മരുന്ന് സമയബന്ധിതമായി നൽകുന്നത് രോഗികളുടെ ആയുസ്സും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണ്.
ബ്രാൻഡഡ് മരുന്നിനേക്കാൾ 97 ശതമാനം വിലക്കുറവ്
സ്വിസ് മരുന്നുനിർമ്മാണ കമ്പനിയായ റോഷ് (Roche) ഉൽപ്പാദിപ്പിക്കുന്ന 'Evrysdi' എന്ന ബ്രാൻഡഡ് റിസ്ഡിപ്ലാമിന് ഒരു കുപ്പിക്ക് (വയിൽ) ഏകദേശം 6.2 ലക്ഷം രൂപയാണ് വില. 12 ദിവസത്തേക്ക് ഒരു കുപ്പി മരുന്ന് ആവശ്യമായി വരുമെന്നതിനാൽ, പ്രതിമാസ ചികിത്സാച്ചെലവ് 18 ലക്ഷം രൂപയോളം വരും.
എന്നാൽ ഇന്ത്യൻ കമ്പനിയായ നാറ്റ്കോ വിപണിയിലെത്തിച്ച ജനറിക് പതിപ്പിന് ഒരു കുപ്പിക്ക് 15,900 രൂപ മാത്രമാണ് വില. മൂന്ന് യൂണിറ്റ് വാങ്ങുമ്പോൾ ഒരു യൂണിറ്റ് സൗജന്യമായി നൽകുന്ന ഓഫർ കൂടി കണക്കിലെടുക്കുമ്പോൾ പ്രതിമാസ ചെലവ് ഏകദേശം 30,000 രൂപയായി കുറയും (രോഗിയുടെ പ്രായവും ഡോസും അനുസരിച്ച് മാറ്റമുണ്ടാകാം). ബ്രാൻഡഡ് മരുന്നിനെ അപേക്ഷിച്ച് 97 ശതമാനത്തോളം വിലക്കുറവാണ് ഇതിനുള്ളത്. സർക്കാർ സഹായ പദ്ധതികളുടെ ഭാഗമല്ലാത്ത രോഗികൾക്കും, കുറഞ്ഞ ചെലവിൽ കൂടുതൽ പേർക്ക് ചികിത്സ ഉറപ്പാക്കാൻ സർക്കാരിനും ഈ നടപടി തുണയാകും.
വഴിത്തിരിവായത് ദൽഹി ഹൈക്കോടതി വിധി
ജനറിക് പതിപ്പ് വിപണിയിലെത്തിക്കുന്നതിനെതിരെ റോഷ് കമ്പനി നിയമപോരാട്ടം നടത്തിയിരുന്നെങ്കിലും, 2025 ഒക്ടോബറിൽ ദൽഹി ഹൈക്കോടതി നാറ്റ്കോയ്ക്ക് മരുന്ന് ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകി. കുറഞ്ഞ വിലയിൽ അവശ്യമരുന്നുകൾ ലഭ്യമാക്കണമെന്ന പൊതുജനാരോഗ്യ തത്വത്തിന്റെ വിജയം കൂടിയായിരുന്നു ഈ വിധി.
നേരത്തെ 2012-ൽ ബെയർ (Bayer) കമ്പനിയുടെ കാൻസർ മരുന്നായ Nexavar-ന്റെ (സോറാഫൈനിബ്) പേറ്റന്റ് ചോദ്യം ചെയ്ത് നാറ്റ്കോ നേടിയ നിർബന്ധിത ലൈസൻസ് (Compulsory Licence) ഏറെ ശ്രദ്ധ നേടിയിരുന്നു. അന്നത്തെ പേറ്റന്റ് കൺട്രോളർ പി.എച്ച്. കുര്യൻ അനുവദിച്ച ഈ നിർബന്ധിത ലൈസൻസ് വഴി, മാസം 2.80 ലക്ഷം രൂപ വിലയുണ്ടായിരുന്ന മരുന്ന് 8,800 രൂപയ്ക്ക് ലഭ്യമാക്കാൻ നാറ്റ്കോയ്ക്ക് സാധിച്ചിരുന്നു.
ഗുണനിലവാരവും സുരക്ഷയും ശാസ്ത്രീയമായി ഉറപ്പ്
നാറ്റ്കോയുടെ ജനറിക് മരുന്നിന്റെ ഗുണനിലവാരത്തെയും ബയോഅവൈലബിലിറ്റിയെയും കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരമുള്ള കർശനമായ 'ബയോഇക്വലൻസ്' (Bioequivalence) പരിശോധനകൾ പൂർത്തിയാക്കി, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DCGI) അംഗീകാരത്തോടെയാണ് മരുന്ന് വിപണിയിലെത്തിയത്.
മരുന്നിന്റെ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ് (API) നിർമ്മിക്കാൻ സി.ഡി.എസ്.സി.ഒ (CDSCO) അനുമതിയും നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഈ മരുന്ന് വിപണിയിൽ സുരക്ഷിതമായി ലഭ്യമാണ്. ലോകത്തെ ജനറിക് മരുന്നുകളുടെ 20 ശതമാനവും നിർമ്മിക്കുന്ന ഇന്ത്യ 'ലോകത്തിന്റെ ഫാർമസി' എന്നാണ് അറിയപ്പെടുന്നത്.
ആശയവിനിമയം കൂടുതൽ സുതാര്യമാകണം
ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ പാക്കിങ്ങിലോ ലേബലിലോ മാറ്റം വരുമ്പോൾ രോഗികളിൽ ആശങ്ക സ്വാഭാവികമാണ്. 'ഫോർ ഫിസിഷ്യൻ സാമ്പിൾ / ക്ലിനിക്കൽ ട്രയൽ' എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ നൽകിയപ്പോൾ അതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് രോഗികൾക്ക് നൽകേണ്ടതായിരുന്നു. ഇത്തരം മരുന്നുകളുടെ ടെൻഡർ നടപടികൾ കൂടുതൽ സുതാര്യമാക്കേണ്ടതുണ്ട്.ഡൽഹി ഹൈക്കോടതി വിധിയുടെ യഥാർത്ഥ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കാൻ താങ്ങാനാകുന്ന വിലയിലുള്ള ജനറിക് റിസ്ഡിപ്ലാമിലേക്ക് രോഗികളെ മാറ്റേണ്ടതുണ്ട്. ഇത് സർക്കാരിന്റെ സാമ്പത്തിക ലാഭം മാത്രമല്ല, ജനകീയാരോഗ്യ സംരക്ഷണത്തിൽ മാതൃകാപരമായ ഒരു ചുവടുവെപ്പ് കൂടിയാണ്.