31, October, 2026
Updated on 31, October, 2026 6
ഹൂസ്റ്റണ്‍: മെക്‌സിക്കന്‍ നിര്‍മാണത്തൊഴിലാളിയെ മനഃപൂര്‍വം കാറിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥനെതിരെ ഗുരുതര കുറ്റം ചുമത്തി. 33 കാരനായ മാരിയോ ആല്‍ബെര്‍ട്ടോ മൊറാലസ് എന്ന 33കാരനെതിരെ ഗുരുതരമായി ആക്രമിച്ചെന്ന കുറ്റമാണ് ഹാരിസ് കൗണ്ടി ഗ്രാന്‍ഡ് ജൂറി വെള്ളിയാഴ്ച ചുമത്തിയത്. ഒക്ടോബര്‍ 10ന് ഹൂസ്റ്റണിലെ പാര്‍ക്കിങ് സ്ഥലത്ത് നടന്ന സംഭവത്തില്‍ മെക്‌സിക്കന്‍ സ്വദേശിയായ മിഗ്വേല്‍ പരാ ഹെര്‍ണാണ്ടസിനാണ് (48) പരിക്കേറ്റത്.
പിന്തുടരുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഹെര്‍ണാണ്ടസിനെ എസ്യുവി ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തുകയും വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. അപകടത്തില്‍ അദ്ദേഹത്തിന്റെ കാലൊടിഞ്ഞു. നിലവില്‍ ഫെഡറല്‍ കസ്റ്റഡിയില്‍ പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയിലാണ് ഹെര്‍ണാണ്ടസ്. ഐസിഇ ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറ ദൃശ്യങ്ങളും 911 എമര്‍ജന്‍സി കോളിന്റെ ഓഡിയോയും പുറത്തുവിട്ടാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഷോണ്‍ ടീര്‍ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്. ഹെര്‍ണാണ്ടസ് വാഹനത്തിന് മുന്നിലേക്ക് ഓടിക്കയറിയതാണെന്ന ഐസിഇയുടെ വാദം ദൃശ്യങ്ങള്‍ തള്ളിക്കളയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ മൊറാലസ് വാഹനത്തിന്റെ സ്റ്റിയറിംഗ് പലതവണ വെട്ടിത്തിരിക്കുന്നതും തുടര്‍ന്ന് വാഹനം കുലുങ്ങുന്നതും കാണാം. പിന്നീട് വാഹനത്തില്‍നിന്നിറങ്ങുന്ന ഉദ്യോഗസ്ഥന്‍ നിലത്തുവീണ് നിലവിളിക്കുന്ന ഹെര്‍ണാണ്ടസിന്റെ അടുത്തേക്ക് പോകുന്നു. കാര്‍ ഇടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റത് എന്ന് മൊറാലസ് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു ഐസിഇ ഉദ്യോഗസ്ഥന്‍ എത്തിയശേഷം ഞാന്‍ വാഹനവുമായി വന്നപ്പോള്‍ ഇയാളെ ഇടിച്ചുപോയി എന്നും മൊറാലസ് പറയുന്നുണ്ട്. എന്നാല്‍ 911 കോള്‍ സമയത്ത് ഹെര്‍ണാണ്ടസിന്റെ വേദനയെ നിസാരവല്‍ക്കരിച്ച് അദ്ദേഹം സംസാരിച്ചതായും ഓഡിയോയില്‍ വ്യക്തമാണ്.അതേസമയം, മൊറാലസ് കുറ്റം ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡേവിഡ് ലിന്‍ഡന്‍മുത്തിന്റെ വാദം. സംഭവം വെറുമൊരു അപകടമായിരുന്നുവെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ഡിസ്ട്രിക്ട് അറ്റോര്‍ണി ഉദ്യോഗസ്ഥനെതിരെ കേസെടുത്തതെന്നും അഭിഭാഷകന്‍ ആരോപിച്ചു.30 വര്‍ഷത്തിലേറെയായി ഹാരിസ് കൗണ്ടിയില്‍ താമസിക്കുന്ന ഹെര്‍ണാണ്ടസിനെതിരെ നാടുകടത്തല്‍ ഉത്തരവോ ക്രിമിനല്‍ പശ്ചാത്തലമോ ഉണ്ടായിരുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഐസിഇ തടയാന്‍ ശ്രമിച്ച വാഹനത്തിലായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നതോടെ വാഹനത്തില്‍നിന്നിറങ്ങി ഓടുകയായിരുന്നു. ഇതിനിടെ മൊറാലസ് അദ്ദേഹത്തെ വാഹനം ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തിയെന്നാണ് ആരോപണം. പൊലീസുകാരനാണെന്ന് കരുതിയാണ് ആദ്യം വാഹനത്തില്‍നിന്നിറങ്ങിയതെന്നും എന്നാല്‍ മുഖംമൂടി ധരിക്കാന്‍ ശ്രമിക്കുന്നയാളെ കണ്ടതോടെ ഭയന്ന് ഓടിയതാണെന്നും ഹെര്‍ണാണ്ടസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മൊറാലസ് മനഃപൂര്‍വം കാര്‍ തനിക്കുനേരെ ഓടിച്ചുകയറ്റുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാം ഡിഗ്രി കുറ്റകൃത്യമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.