US moves B-2 stealth bombers to Guam as Israel-Iran conflict rages
22, June, 2025
Updated on 22, June, 2025 24
![]() |
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനായി അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന. പടിഞ്ഞാറന്‍ പസഫിക്കിന് കുറുകെ അമേരിക്കന്‍ B2 ബോംബറുകള്‍ നീങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ പസഫിക്കിലെ ഒരു പ്രധാന യുഎസ് സൈനിക ഔട്ട്പോസ്റ്റായ ഗുവാമിലേക്ക് ദീര്‍ഘദൂര ആക്രമണ ശേഷിയുള്ള ബോംബറുകള്‍ പറന്നുയരുന്നതായാണ് വിവരം. ഇതിന്റെ ചില ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. (US moves B-2 stealth bombers to Guam as Israel-Iran conflict rages)
ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ടെഹ്റാനിനടുത്ത് സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭ ഫോര്‍ഡോ ആണവ കേന്ദ്രത്തിനെ തൊടാന്‍ പോലും അവര്‍ക്ക് സാധിച്ചിരുന്നില്ല. ഈ ആണവകേന്ദ്രം നശിപ്പിക്കാന്‍ പ്രത്യേക ബങ്കര്‍ ബോംബറുകള്‍ തന്നെ ആവശ്യമാണ്. ഇത് അമേരിക്കയുടെ പക്കലാണുള്ളത്. അതിനാല്‍ തന്നെ അമേരിക്കന്‍ ബോംബറുകള്‍ പടിഞ്ഞാറന്‍ പസഫിക്കിന് കുറുകെ പായുമ്പോള്‍ ലോകം മുഴുവന്‍ ഈ നീക്കത്തെ ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈയടുത്ത കാലത്തെ പ്രതികരണങ്ങളില്‍ ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് പങ്കെടുത്തേക്കുമെന്ന സൂചന കൂടിയുള്ള പശ്ചാത്തലത്തില്‍ ഈ നീക്കം ഏറെ നിര്‍ണായകമാണ്.
അതേസമയം ഇറാനെ ആക്രമിക്കാന്‍ ശ്രമിക്കരുതെന്ന് ചൂണ്ടിക്കാട്ടി യെമനിലെ ഹൂതികള്‍ അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. ചെങ്കടലിലെ പടക്കപ്പലുകളും മറ്റ് കപ്പലുകളും ആക്രമിക്കുമെന്നാണ് അമേരിക്കക്ക് ഹൂത്തി സൈനിക വക്താവ് ബ്രിഗ് യെന്‍ യഹിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാനെ നേരിട്ട് ആക്രമിച്ചേക്കുമെന്ന് ട്രംപിന്റെ പ്രസ്താവനയില്‍ സൂചനയുള്ള പശ്ചാത്തലത്തിലാണ് ഹൂതികളുടെ ഭീഷണി.
ഇറാനെ പിന്തുണച്ചുകൊണ്ട് ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഹൂതികള്‍ തയ്യാറെടുക്കുകയാണെന്ന് ഹൂതികളുടെ പ്രതിനിധി കഴിഞ്ഞയാഴ്ച ദി നാഷണലിനോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഹൂതി വിമതര്‍ കീഴടങ്ങിയതായും ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതായും കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.