ന്യൂയോര്‍ക്കിനു പിന്നാലെ ലോസ് ഏഞ്ചല്‍സിലും ഇന്ത്യന്‍ വംശജ മേയര്‍ പദവിയില്‍: നിത്യ രാമന് ഉജ്ജ്വല ജയം


6, November, 2026
Updated on 6, November, 2026 10


ലോസ് ഏഞ്ചല്‍സ്: ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനി മേയറായി മാസങ്ങള്‍ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി അമേരിക്കയുടെ സമ്പന്ന നഗരത്തിലെ മേയര്‍പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോസ് ആഞ്ചലസ് മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ നിത്യ രാമന് മിന്നും ജയം.നിലവിലെ മേയര്‍ കാരന്‍ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ രാമന്‍ അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലോസ് ആഞ്ചലസിന്റെ ഭരണനേതൃത്വത്തിലേക്ക് എത്തുന്നത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്കയുടെ പിന്തുണയോടെയാണ് നിത്യ രാമന്‍ മത്സരരംഗത്തെത്തിയത്.


നിത്യയുടെ ജയം നഗരഭരണത്തില്‍ തലമുറമാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കാരന്‍ ബാസിനെ പിന്തുണച്ചിരുന്ന നിത്യ പിന്നീട് നിലപാട് മാറ്റി സ്വന്തം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. നഗരത്തിന്റെ സ്ഥിതി നിര്‍ണായക ഘട്ടത്തിലെത്തിയെന്നും മാറ്റം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം.. ബാസിന്റെ ഭരണകാലത്ത് ഉണ്ടായ പാലിസേഡ്‌സ് കാട്ടുതീയും അതിനെ തുടര്‍ന്നുണ്ടായ വ്യാപക നാശനഷ്ടങ്ങളും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. തീപിടിത്തമുണ്ടായ സമയത്ത് ബാസ് രാജ്യത്തില്ലാതിരുന്നതും അഗ്‌നിശമന സേനയുടെ മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളും വിവാദമായിരുന്നു.പൊതുസുരക്ഷ, ഭവനരഹിതരുടെ പ്രശ്‌നം, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച എന്നിവയ്ക്കാണ് നിത്യ രാമന്‍ പ്രധാന പരിഗണന നല്‍കുന്നത്. ഫെഡറല്‍ കുടിയേറ്റ അധികൃതരുമായി സഹകരിക്കുന്നതില്‍ അമിതമായ വിട്ടുവീഴ്ച കാണിക്കുന്നുവെന്ന് ആരോപിച്ച് പോലീസ് മേധാവിയെ മാറ്റുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. തകര്‍ന്ന റോഡുകള്‍, കുഴികള്‍ നിറഞ്ഞ തെരുവുകള്‍, തകര്‍ന്ന നടപ്പാതകള്‍, പ്രവര്‍ത്തനരഹിതമായ തെരുവുവിളക്കുകള്‍ എന്നിവ പരിഹരിച്ച് അടിസ്ഥാന നഗരസേവനങ്ങള്‍ മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ ബാസ് ഭരണകൂടം സ്വീകരിച്ച നടപടികള്‍ ഫലപ്രദമായില്ലെന്നാണ് നിത്യയുടെ വിമര്‍ശനം. തെരുവുകളിലും താല്‍ക്കാലിക ക്യാമ്പുകളിലും കഴിയുന്നവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന സംഘങ്ങളെ വിപുലീകരിക്കുകയും അവരുമായി വിശ്വാസബന്ധം സ്ഥാപിച്ച് സുരക്ഷിത താമസസ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.


2028-ല്‍ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുമ്പോഴേക്കും തെരുവുകളിലും ക്യാമ്പുകളിലും കഴിയുന്നവരുടെ എണ്ണം പകുതിയെങ്കിലും കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് നിത്യ രാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ ദീര്‍ഘകാല പ്രശ്‌നങ്ങളിലൊന്നായ ഭവനരഹിതരുടെ പ്രതിസന്ധി പരിഹരിക്കാന്‍ മേഖലയില്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ല. 45 വയസ്സുള്ള നിത്യയുടെ വിജയത്തിന് പിന്നില്‍ നഗരത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ മാറ്റം വേണമെന്ന വോട്ടര്‍മാരുടെ ആവശ്യമുണ്ടെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ 19 മുതല്‍ 25 വരെ നടത്തിയ ബെര്‍ക്ക്‌ലി ഐജിഎസ്-എല്‍എ ടൈംസ് സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ പത്തില്‍ നാലുപേര്‍ ഭവനരഹിതരുടെ ക്യാമ്പുകള്‍ കുറയ്ക്കുന്നതിനാണ് അടുത്ത മേയര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരുന്നു. പൊതുസുരക്ഷയും താങ്ങാനാവുന്ന ഭവനനിര്‍മാണവും പ്രധാന വിഷയങ്ങളായി ഉയര്‍ന്നുവന്നിരുന്നു.നിത്യ രാമന്റെ സ്ഥാനാര്‍ഥിത്വത്തെ അനുഭവപരിചയക്കുറവെന്ന് വിമര്‍ശിച്ച കാരന്‍ ബാസ്, 38 ലക്ഷം ജനങ്ങളുള്ള നഗരത്തെ നയിക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും ആരോപിച്ചിരുന്നു. എന്നാല്‍ നഗരത്തിന്റെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണത്തിലൂടെ നിത്യ ഈ വിമര്‍ശനങ്ങളെ മറികടന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ പിന്തുണ ബാസിനായിരുന്നു. ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം, മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തുടങ്ങിയവര്‍ ബാസിനെ പിന്തുണച്ചു. അതേസമയം, ബെര്‍ണി സാന്‍ഡേഴ്‌സ് സ്ഥാപിച്ച ഔര്‍ റെവല്യൂഷന്‍, സിയറ ക്ലബ് തുടങ്ങിയ സംഘടനകളുടെ പിന്തുണ നിത്യയ്ക്ക് ലഭിച്ചു. പ്രമുഖ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണ പരിമിതമായിരുന്നെങ്കിലും മുന്‍ ഗവര്‍ണര്‍ ആര്‍ണോള്‍ഡ് ഷ്വാര്‍സനേഗറുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ പിന്തുണയുടെ വലയം വിപുലീകരിക്കാനുള്ള ശ്രമവും അവര്‍ നടത്തി. വിനോദവ്യവസായം, തുറമുഖം, പ്രമുഖ സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര മേഖല എന്നിവയുടെ കേന്ദ്രമായ ലോസ് ആഞ്ചലസിന്റെ പുതിയ ഭരണനേതൃത്വത്തിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഇനി കാത്തിരിക്കുന്നത്.




Feedback and suggestions