ഇടക്കാല തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയം: പീറ്റ് ഹെഗ്‌സെത്തിന്റെ രാജിക്കായി മുറവിളി ഉയരുന്നു


6, November, 2026
Updated on 6, November, 2026 9


വാഷിംഗ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത പ്രഹരമേറ്റതിനു പിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ രാജിക്കായി ഡെേേമാക്രാറ്റുകളുടേയും സ്വന്തം പാര്‍ട്ടിയുടേയും ക്യാമ്പുകളില്‍ നിന്നും മുറവിളി ഉയരുന്നു.യുഎസ് കോണ്‍ഗ്രസില്‍ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകള്‍ ഹെഗ്‌സെത്തിനെതിരെ അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തയാറെടുക്കുമ്പോള്‍ ഇറാനുമായുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് റിപ്പബ്ലിക്കന്‍ നേതാക്കളും കുറ്റപ്പെടുത്തുന്നു. ഇവയെല്ലാം ലക്ഷ്യമിടുന്നത് ഹെഗ്‌സെത്തിന്റെ രാജി തന്നെയാണ്. ഇതുവരെ ട്രംപിന്റെ പിന്തുണ ലഭിച്ചിരുന്നെങ്കിലും നിലവില്‍ അദ്ദേഹത്തിന്റെ പദവിക്ക് ഭീഷണിയായി.


തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഇറാന്‍ യുദ്ധം കാരണമായെന്ന് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സമ്മതിച്ചിട്ടുണ്ട്. യുദ്ധമാണ് പരാജയത്തിന് കാരണമെന്ന് വാന്‍സ് പ്രതികരിച്ചപ്പോള്‍, തിരഞ്ഞെടുപ്പ് ഫലത്തെ യുദ്ധം വലിയ തോതില്‍ സ്വാധീനിച്ചെന്ന വിലയിരുത്തലിനോട് ട്രംപും യോജിച്ചു. കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ പ്രതിരോധ വകുപ്പിനെതിരെയും ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ടും അന്വേഷണങ്ങള്‍ നടത്താനും സൈനിക വകുപ്പിനുള്ള സാമ്പത്തിക സഹായം നിയന്ത്രിക്കാനും ഡമോക്രാറ്റുകള്‍ ഇടപെട്ടേക്കും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ ഭാഗികമായി തടസപ്പെടുത്തിയതോടെ ആഗോള സമ്പദ്വ്യവസ്ഥയെയും ഊര്‍ജവിലകളെയും യുദ്ധം പ്രതികൂലമായി ബാധിച്ചു. അമേരിക്കയിലും വിലക്കയറ്റം വോട്ടര്‍മാരുടെ പ്രതിഷേധത്തിന് കാരണമായി.


ഹെഗ്‌സെത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഡെമോക്രാറ്റിക് പ്രതിനിധി ജേസണ്‍ ക്രോ രംഗത്തെത്തി. ഹെഗ്‌സെത്ത് കഴിവുകേടും അഴിമതിയും പ്രകടിപ്പിക്കുന്നുവെന്നും രാജ്യത്തിന്റെ ദേശീയ സുരക്ഷയെയും സൈനികരുടെ സുരക്ഷയെയും അപകടത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിരോധ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും ട്രംപ് ഭരണകൂടത്തിന്റെ നടപടികളിലും ശക്തമായ മേല്‍നോട്ടവും അന്വേഷണവും നടത്തുമെന്ന് ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗം ആദം സ്മിത്തും വ്യക്തമാക്കി. ഇറാനെതിരായ യുദ്ധത്തിന്റെ നിയമസാധുതയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി നടത്തുന്ന ആരോപണങ്ങളോ അന്വേഷണങ്ങളോ തന്നെ പിന്തിരിപ്പിക്കില്ലെന്നും ട്രംപിന്റെ കാലാവധി അവസാനിക്കുന്നതുവരെ പ്രതിരോധ വകുപ്പിനെ നയിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പെന്റഗണ്‍ വക്താവ് സീന്‍ പാര്‍ണല്‍ അറിയിച്ചു.


റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍നിന്നും ഹെഗ്‌സെത്തിന് വെല്ലുവിളിയുണ്ട്. ട്രംപിനെ വിമര്‍ശിക്കുന്ന റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി അടുത്തയാഴ്ച കോണ്‍ഗ്രസ് സമ്മേളനം പുനരാരംഭിക്കുമ്പോള്‍ ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കമിടാനാണ് നീക്കം നടത്തുന്നത്. ഹെഗ്‌സെത്ത് രാജിവെച്ചാല്‍ മാത്രമേ ഇംപീച്ച്മെന്റ് പ്രമേയം വീണ്ടും അവതരിപ്പിക്കാതിരിക്കൂവെന്നും മാസി വ്യക്തമാക്കി. നേരത്തെ അവതരിപ്പിച്ച ഇംപീച്ച്മെന്റ് നീക്കത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സഭയുടെ സമ്മേളനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്താല്‍ കൂടുതല്‍ ശക്തമായ വിചാരണകളും അന്വേഷണങ്ങളും നേരിടേണ്ടിവരുമെന്നും മാസി മുന്നറിയിപ്പ് നല്‍കി.


ഹെഗ്‌സെത്തിന്റെ ഭരണകാലം നിരവധി വിവാദങ്ങളാല്‍ നിറഞ്ഞതാണ്. സൈനിക വെടിവെപ്പിലൂടെ വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ഏറ്റവും ഒടുവില്‍ ഉയര്‍ന്നുവന്നു. എന്നാല്‍ ഈ പദ്ധതി ട്രംപ് പിന്നീട് ഉപേക്ഷിച്ചു. യെമനിലെ സൈനികാക്രമണവുമായി ബന്ധപ്പെട്ടും ഹെഗ്‌സെത്ത് വിമര്‍ശനം നേരിട്ടിരുന്നു. ആക്രമണത്തിന്റെ സമയവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യ സൈനിക വിവരങ്ങള്‍ സിഗ്‌നല്‍ ചാറ്റിലൂടെ പങ്കുവെച്ച സംഭവത്തില്‍ ദ അറ്റ്‌ലാന്റിക് മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അബദ്ധത്തില്‍ ഉള്‍പ്പെട്ടത് വലിയ വിവാദമായിരുന്നു. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും മയക്കുമരുന്ന് കടത്ത് ആരോപിക്കപ്പെട്ട ബോട്ടുകള്‍ക്കെതിരായ ആക്രമണങ്ങളും വിമര്‍ശനത്തിനിടയാക്കി. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ആക്രമണത്തില്‍ രക്ഷപ്പെട്ടവരെ തുടര്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.




Feedback and suggestions