ഇറാന്‍ 950ല്‍ അധികം മിസൈലുകള്‍ അയച്ചു, 24 പേർ മരിച്ചു, 8190 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; കണക്കുകള്‍ പുറത്തുവിട്ട് ഇസ്രയേല്‍

Iran fires more than 950 missiles, kills 24
22, June, 2025
Updated on 22, June, 2025 23

Iran fires more than 950 missiles, kills 24

ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ കണക്കുകള്‍ പുറത്തുവിട്ട് ഇസ്രായേല്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ഇറാന്‍ 950ല്‍ അധികം മിസൈലുകള്‍ അയച്ചെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇറാന്‍ ആക്രമണത്തില്‍ 24 പേർ മരിച്ചു. 8190 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഇസ്രയേൽ അറിയിച്ചു.

ഇസ്ഫഹാൻ ആണവ നിലയം ആക്രമിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആണവ കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു. ടെഹ്റാനിലെ ആയുധ ഫാക്ടറി അടക്കം പത്തിലധികം കേന്ദ്രങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി. അഹ്വാസിലും ഇസ്രയേൽ ആക്രമണമുണ്ടായി. ഇറാന്റെ സൈബർ യൂണിറ്റിന്റെ കെട്ടിടം തകർത്തതായും ഇസ്രയേൽ അറിയിച്ചു.

അതേസമയം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാനിൽ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് ഫത്തേമെഹ് മൊഹജെറാനി സ്റ്റേറ്റ് മീഡിയയിൽ പറഞ്ഞു. ജൂൺ 13 ന് ഇറാനെതിരെ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിനുശേഷം 94 സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം നേരത്തെ കണക്ക് പുറത്തുവിട്ടിരുന്നു. ഇസ്രയേൽ ആക്രമണങ്ങളിൽ മൂന്ന് ആശുപത്രികൾ ആക്രമിക്കപ്പെടുകയും രണ്ട് ഡോക്ടർമാർ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രയേൽ ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം ദേശീയ ആരോഗ്യ സംഘത്തിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.







Feedback and suggestions