12, November, 2026
Updated on 12, November, 2026 8
വാഷിംഗടണ്‍: ഇറാനില്‍നിന്നുള്ള സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് അമേരിക്കന്‍ ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസെന്റിനെ വാഷിങ്ടണിലെ സൈനിക താവളത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെയാണ് രഹസ്യമായി താമസസ്ഥലം മാറ്റിയതെന്ന് സംഭവവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭീഷണിയുടെ സ്വഭാവവും ഗൗരവവും എത്രത്തോളമാണെന്ന് വ്യക്തമായിട്ടില്ല. ട്രംപ് ഭരണകൂടവും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.താമസസ്ഥലം മാറ്റുന്നതിന് മുമ്പ് വാഷിങ്ടണിലെ ജോര്ജ്ടൗണ് മേഖലയിലായിരുന്നു ബെസെന്റ് താമസിച്ചിരുന്നത്. ഇതിനിടെ ഇറാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ ഭരണകൂടം പിന്മാറില്ലെന്ന് യുഎസ് ധനകാര്യ വകുപ്പ് വക്താവ് വ്യക്തമാക്കി. ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഓപ്പറേഷന് ഇക്കണോമിക് ഔട്ട്കാസ്റ്റ് ഉപരോധ നടപടികള്‍ എന്നിവ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ സമ്പദ്വ്യവസ്ഥയെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ് ഉപരോധങ്ങളുടെ ലക്ഷ്യമെന്ന് ബെസെന്റ് കഴിഞ്ഞ സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു.ഇറാനെതിരെ അമേരിക്ക ശക്തമായ സാമ്പത്തിക സമ്മര്ദനയമാണ് നടപ്പാക്കിവരുന്നത്. ഉപരോധങ്ങളിലൂടെ ഇറാന്റെ വരുമാന സ്രോതസ്സുകളെയും സാമ്പത്തിക ഇടപാടുകളെയും നിയന്ത്രിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ബെസെന്റിന്റെ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ ഒരു മാധ്യമം പുറത്തുവിട്ടത് സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2025 ജനുവരിയിലായിരുന്നു ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍ താമസം മാറ്റുന്നതിനുള്ള നടപടികള്‍ അടുത്തിടെയാണ് സ്വീകരിച്ചത്.ബെസെന്റിന്റെ സുരക്ഷാ ചുമതലയുള്ള യുഎസ് സീക്രട്ട് സര്‍വീസ് സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ന്യൂയോര്‍ക്ക് ടൈംസാണ് ബെസെന്റിന്റെ താമസമാറ്റം സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇറാനുമായുള്ള സംഘര്‍ഷവും സാമ്പത്തിക ഉപരോധങ്ങളും ശക്തമാകുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുന്നതായാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.