കശ്മീരില്‍ പെട്രോളിംഗിനിടെ രണ്ട് സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരെ കാണാതായി: തെരച്ചില്‍ ആരംഭിച്ചു


12, November, 2026
Updated on 12, November, 2026 8


ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ പട്രോളിംഗിനിടെ രണ്ട് സ്‌പെഷല്‍പോലീസ് ഓഫീസര്‍മാരെ കാണാതായി. റാഷ്പാല്‍ കുമാര്‍ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായത്. സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇവര്‍ ധേര്‍ണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ഇരുവരുടെയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം റിങ് ചെയ്‌തെങ്കില്‍ പിന്നീട് സ്വിച്ച് ഓഫ് ആയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കണ്ടെത്താന്‍ പോലീസും സുരക്ഷാസേനയും സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കിഷ്ത്വാറിലെ സുരക്ഷാ സാഹചര്യം ആശങ്കയിലാക്കുന്ന രണ്ടാമത്തെ സംഭവമാണിത്. രണ്ട് എസ്പിഒമാരെ കാണാതായ സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമോ മറ്റെന്തെങ്കിലും കാരണങ്ങളോ ഉണ്ടോയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ ഒക്ടോബര്‍ 16ന് വാനിപോര ട്രിഗാമില്‍ മറ്റൊരു എസ്പിഒയായ 55കാരന്‍ ബഷീര്‍ അഹമ്മദിനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെദില്‍ പൊലീസ് പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം സര്‍വീസ് റൈഫിളുമായി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ ബഷീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.










Feedback and suggestions