പ്രസിഡന്റിന്റെ നമ്പർ മാറ്റി സ്വന്തം നമ്പർ നൽകി; തൃശൂരിൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അടിച്ചുമാറ്റിയത് നാലേകാൽ കോടി


13, November, 2026
Updated on 13, November, 2026 0



തൃശൂർ: നന്തിപുലം സഹകരണ ബാങ്കിൽ വൻ സാമ്പത്തിക തട്ടിപ്പ്. ബാങ്കിന്റെ മുൻ സെക്രട്ടറി നാലേകാൽ കോടി രൂപയോളം വെട്ടിപ്പ് നടത്തി സ്വന്തം പേരിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി കണ്ടെത്തി. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ ഭാരവാഹി കൂടിയായിരുന്ന ഇയാൾ പദവിയിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുൻപാണ് വൻ തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സംഭവത്തിൽ നഷ്ടപ്പെട്ട തുക മുൻ സെക്രട്ടറിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഈടാക്കാനുള്ള കർശന നിയമനടപടികൾ ആരംഭിച്ചതായി സഹകരണ ജോയിന്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ വ്യക്തമാക്കി.കഴിഞ്ഞ വർഷം മേയ് മുതൽ ജൂലൈ വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് ബാങ്കിന്റെ നിക്ഷേപ ഫണ്ടിൽ നിന്നും പലതവണകളായി കോടികൾ തട്ടിയെടുത്തത്. സഹകരണ വകുപ്പ് നടത്തിയ പതിവ് ഓഡിറ്റ് പരിശോധനയ്ക്കിടെ കണക്കുകളിൽ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ നന്തിപുലം ബാങ്ക് മറ്റ് ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന തുകയിൽ നിന്നും 4.25 കോടി രൂപയോളം കാണാനില്ലെന്ന് വ്യക്തമായി. ഈ പണം മുൻ സെക്രട്ടറി സ്വന്തം പേരിൽ നാല് പ്രമുഖ കമ്പനികളുടെ ഓഹരികൾ വാങ്ങാനായി വിനിയോഗിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.





Feedback and suggestions