പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!


14, November, 2026
Updated on 14, November, 2026 10



രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പാകിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ജൂലൈ - സെപ്റ്റംബർ) രാജ്യത്തിന്റെ മൊത്തം ബജറ്റ് മിച്ചത്തിൽ (Fiscal Surplus) 40 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ വരുമാനത്തിലുണ്ടായ കുറവും, പൊതുചെലവുകളും കടങ്ങളുടെ പലിശ തിരിച്ചടവും കുത്തനെ ഉയർന്നതുമാണ് പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ വീണ്ടും കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്. പ്രമുഖ പാക് മാധ്യമമായ 'ഡോൺ' (Dawn) ആണ് ധനമന്ത്രാലയത്തിന്റെ ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.


കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 1.7 ശതമാനമായിരുന്ന ബജറ്റ് മിച്ചം, 2026 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 0.9 ശതമാനമായി കൂപ്പുകുത്തി. തുകയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ, മുൻവർഷം 2.12 ലക്ഷം കോടി (2.12 ട്രില്യൺ) പാകിസ്ഥാൻ രൂപയായിരുന്ന ബജറ്റ് മിച്ചം ഇത്തവണ 1.273 ലക്ഷം കോടി രൂപയായി ചുരുങ്ങി. പലിശ തിരിച്ചടവുകൾ ഒഴിവാക്കിയുള്ള പ്രാഥമിക മിച്ചം (Primary Surplus) ജി.ഡി.പിയുടെ 2.8 ശതമാനത്തിൽ നിന്ന് 2.1 ശതമാനത്തിലേക്കും താഴ്ന്നിട്ടുണ്ട്.


ധനമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നികുതി പിരിവിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടും, രാജ്യത്തിന്റെ ആകെ വരുമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. മുൻവർഷം 6.2 ലക്ഷം കോടി രൂപയായിരുന്ന മൊത്തം വരുമാനം ഇത്തവണ 6.004 ലക്ഷം കോടി രൂപയായി കുറഞ്ഞു. നികുതി വരുമാനം 3.153 ലക്ഷം കോടി രൂപയിൽ നിന്ന് 3.387 ലക്ഷം കോടി രൂപയായി ഉയർന്നെങ്കിലും, നികുതിയിതര വരുമാനത്തിലുണ്ടായ (Non-tax revenue) കനത്ത ഇടിവാണ് തിരിച്ചടിയായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ സർക്കാരിന് കൈമാറുന്ന ലാഭവിഹിതം ഗണ്യമായി കുറഞ്ഞതാണ് നികുതിയിതര വരുമാനം ഇടിയാൻ പ്രധാന കാരണമായത്.






Feedback and suggestions