14, November, 2026
Updated on 14, November, 2026 10
തത്കാൽ, പ്രീമിയം തത്കാൽ, ആർഎസി ടിക്കറ്റുകൾ വഴി വൻ വരുമാനം നേടുമ്പോഴും ഇതിന്റെ കണക്കുകൾ പുറത്തുവിടാതെ ഇന്ത്യൻ റെയിൽവേ. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ റെയിൽവേ തയ്യാറായില്ല.
ആകെ ടിക്കറ്റ് വിൽപനയുടെ ഏകദേശം 30 ശതമാനത്തോളം തത്കാൽ, പ്രീമിയം തത്കാൽ വിഭാഗങ്ങളിലൂടെയാണ് റെയിൽവേ വിൽക്കുന്നത്. ഇതിൽ പകുതിയോളം പ്രീമിയം തത്കാൽ ടിക്കറ്റുകളാണ്. അവസാന നിമിഷം യാത്ര തീരുമാനിക്കുന്നവർക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തത്കാൽ സംവിധാനം ഇന്ന് യാത്രക്കാരിൽനിന്ന് ഉയർന്ന നിരക്ക് ഈടാക്കാനുള്ള മാർഗമായി മാറിയെന്നാണ് വിമർശനം. പലപ്പോഴും വിമാന ടിക്കറ്റ് നിരക്കിനോട് കിടപിടിക്കുന്നതാണ് പ്രീമിയം തത്കാൽ നിരക്കുകൾ.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 28.64 കോടി യാത്രക്കാർ തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ ഉപയോഗിച്ചതായാണ് റെയിൽവേയുടെ വിവരാവകാശ മറുപടി. ഇതിൽ ഏകദേശം അഞ്ച് കോടി പേർ പ്രീമിയം തത്കാൽ ടിക്കറ്റുകളാണ് എടുത്തത്. എന്നാൽ ഈ ടിക്കറ്റ് വിൽപനയിലൂടെ റെയിൽവേയ്ക്ക് ലഭിച്ച ആകെ വരുമാനം എത്രയെന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല.
ആർഎസി ടിക്കറ്റ് സംവിധാനത്തിലും സമാനമായ രീതിയിൽ റെയിൽവേയ്ക്ക് അധിക വരുമാനം ലഭിക്കുന്നുണ്ടെന്നാണ് വിമർശനം. ഒരേ സീറ്റ് പങ്കിട്ട് യാത്ര ചെയ്യേണ്ടിവരുമ്പോഴും യാത്രക്കാർ മുഴുവൻ ടിക്കറ്റ് നിരക്കും നൽകേണ്ടിവരുന്നു. എന്നാൽ എത്ര ആർഎസി ടിക്കറ്റുകൾ വിറ്റഴിച്ചെന്നോ അതിലൂടെ എത്ര വരുമാനം ലഭിച്ചെന്നോ റെയിൽവേ വ്യക്തമാക്കിയിട്ടില്ല. ആർഎസി സംവിധാനത്തിനെതിരെ പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത് നിർത്തലാക്കാൻ റെയിൽവേ ആലോചിക്കുന്നതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.: