സൈബീരിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 17 പേർ മരിച്ചു! അപകടത്തിന്റെ നടുക്കുന്ന ദൃശ്യം പുറത്ത്


18, November, 2026
Updated on 18, November, 2026 10


റഷ്യൻ സൈനിക ചരക്ക് വിമാനം തകർന്നുവീണ് 17 പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ സൈബീരിയയിലെ കെമെറോവോ മേഖലയിലുള്ള യാഗുനോവോ ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. അന്റോനോവ് എഎൻ-12 വിഭാഗത്തിൽപ്പെട്ട വിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


സൈബീരിയയിലെ നോവോസിബിർസ്കിൽ നിന്ന് കാൻസ്കിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. യാഗുനോവോ ഗ്രാമത്തിന് സമീപമുള്ള വയലിലാണ് വിമാനം തകർന്നുവീണത്. അപകടത്തിന്റെ ആഘാതത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഏകദേശം 500 മീറ്റർ ചുറ്റളവിൽ ചിതറിത്തെറിച്ചതായും റിപ്പോർട്ടുകളുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തക സംഘം എത്തിയിട്ടുണ്ട്.കെമെറോവോ മേഖലാ ഗവർണർ ഇല്യ സെറെദ്യുക്കാണ് അപകടവിവരം പുറത്തുവിട്ടത്. റഷ്യൻ മെസേജിങ് പ്ലാറ്റ്‌ഫോമായ മാക്സിലെ ഔദ്യോഗിക ചാനലിലൂടെയാണ് അദ്ദേഹം വിവരം അറിയിച്ചത്. എന്നാൽ വിമാനത്തിന്റെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.




Feedback and suggestions