18, November, 2026
Updated on 18, November, 2026 10
ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങളുണ്ടായതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയന്റെ മന്ത്രിസഭ പോലെ വിധേയരുടെ കൂട്ടമല്ല തന്റെ മന്ത്രിസഭയെന്നും, എല്ലാവരും പരസ്പരം അഭിപ്രായങ്ങൾ പറയുന്നതും തർക്കിക്കുന്നതും തികച്ചും സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കുടിശ്ശികകൾ എല്ലാം തീർത്തുവെന്നും കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുമെന്നും വാർത്താസമ്മേളത്തിൽ അദ്ദേഹം അറിയിച്ചു
“ഇന്ന് മന്ത്രിസഭയിൽ ഒരുപാട് തർക്കങ്ങളുണ്ടായി, ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല. രണ്ടര മണിക്കൂറായിരുന്നു യോഗം. പിണറായി വിജയൻ പോക്കറ്റിൽനിന്ന് ഒരു കടലാസെടുത്താൽ എല്ലാം അംഗീകരിക്കുന്ന വിധേയരുടെ മന്ത്രിസഭയല്ല ഇത്,” മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് ഒരു മണിക്കൂറോളം ചർച്ച നടന്നുവെന്നും, പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പറയുകയും തർക്കിക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ എല്ലാവരുടെയും നിർദ്ദേശങ്ങൾ കേട്ട് ഒരു തീരുമാനമെടുക്കാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും, ഏറ്റവും ജൂനിയറായ ജനീഷ് പോലും തന്റെ മുഖത്തു നോക്കി അഭിപ്രായം പറയുമെന്നും അത് താൻ ആസ്വദിക്കാറുണ്ടെന്നും സതീശൻ വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു അഭിപ്രായമാണ് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തന്റെ മുൻനിലപാടിൽ മാറ്റമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.എൽ.പി.എസ്.ടി. സമരത്തെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നതായി മുഖ്യമന്ത്രി അറിയിച്ചു. സമരക്കാരുടെ ആരോഗ്യത്തിൽ സർക്കാരിന് വലിയ ആശങ്കയുണ്ടെന്നും, ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാടുകളാണ് യോഗം ചർച്ച ചെയ്തതെന്നും കൂട്ടിച്ചേർത്തു. എന്നാൽ ദേവസ്വം ബോർഡ് നിയമനങ്ങളിൽ മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിൽ തർക്കമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം തള്ളിക്കളഞ്ഞു.
ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് യു.ഡി.എഫിനെ മുന്നോട്ട് നയിക്കുന്നതെന്നും, ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തിരുന്നെങ്കിൽ ഈ സംവിധാനം എന്നേ തകർന്നുപോയേനെ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭയിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഐക്യകണ്ഠേനയായിരിക്കുമെന്നും, തീരുമാനമാകാത്ത കാര്യങ്ങൾ അടുത്ത യോഗത്തിലേക്ക് മാറ്റിവെക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.