21, November, 2026
Updated on 21, November, 2026 10
കേന്ദ്രഭരണ പ്രദേശമായി മാറിയതിന് ശേഷമുള്ള ലഡാക്കിലെ ആദ്യ പഞ്ചായത്ത്-മുനിസിപ്പൽ തിരഞ്ഞെടുപ്പിന് തുടക്കമായി. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളും കൊടുംതണുപ്പിനെ പ്രതിരോധിക്കാനുള്ള പ്രത്യേക സൗകര്യങ്ങളുമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ലഡാക്ക് ഭരണകൂടം ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിൽ നിന്ന് വേർപെടുത്തി പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം ലഡാക്കിൽ നടക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്. 2018-ലാണ് ഇവിടെ അവസാനമായി പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ നടന്നത്. എട്ട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പോളിങ് സ്റ്റേഷനുകളിലേക്ക് വോട്ടിങ് യന്ത്രങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും വെള്ളിയാഴ്ച തന്നെ എത്തിച്ചേർന്നിരുന്നു. ലേയിൽ നിന്ന് 260 കിലോമീറ്റർ അകലെ ചാങ്താങ് ജില്ലയിലെ ഹാൻലി പോ (Hanley Po) ഗ്രാമത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 15,000 അടി ഉയരത്തിലാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. 50 സ്ത്രീകളും 39 പുരുഷന്മാരും ഉൾപ്പെടെ 89 വോട്ടർമാരാണ് ഈ വിദൂര ഗ്രാമത്തിലുള്ളത്.