17, November, 2026
Updated on 17, November, 2026 11
രാജ്യത്തെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന നിർണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. രാജ്യം നേരിടുന്ന രൂക്ഷമായ വിമാനക്ഷാമം പരിഹരിക്കുന്നതിനും വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുമായി 1,000 യാത്രാ വിമാനങ്ങൾ (Civilian Aircraft) കൂടി വാങ്ങാൻ ഇന്ത്യ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദ്വിദിന സന്ദർശനത്തിനായി ഈജിപ്തിലെത്തിയ മന്ത്രി, കെയ്റോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ 1,200-ലധികം വിമാനങ്ങൾക്കുള്ള ഓർഡറുകൾ ഇന്ത്യ നൽകിയിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ 2,000-ത്തിലധികം വിമാനങ്ങൾ ആവശ്യമാണെന്ന് പീയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. ഓർഡർ ചെയ്ത വിമാനങ്ങൾ എത്രയും വേഗം ലഭ്യമാക്കുന്നതിനായി ആഗോളതലത്തിലെ പ്രമുഖ വിമാന നിർമ്മാണ കമ്പനികളുമായി കേന്ദ്ര സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു