30,000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ശേഷിയുള്ള യുദ്ധവിമാനം; അമേരിക്കയുടെ അഭിമാനമായ ബി-2 സ്റ്റെല്‍ത് ബോംബര്‍

What is the B-2 stealth bomber
23, June, 2025
Updated on 23, June, 2025 26

What is the B-2 stealth bomber

ഇറാനിലെ ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോയും നതാന്‍സും എസ്ഫഹാനും അമേരിക്ക ആക്രമിച്ചത് ആറ് ബി-2 ബോംബറുകള്‍ ഉപയോഗിച്ചാണ്. അമേരിക്കയുടെ അഭിമാനവും സാങ്കേതികമായി ലോകത്തില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നതുമായ യുദ്ധ വിമാനമാണ് ബി 2 സ്റ്റെല്‍ത്ത് ബോംബര്‍.

വ്യോമയുദ്ധരംഗത്തെ അസാധാരണ പോരാളിയായാണ് ബി 2 ബോംബറുകള്‍ അറിയപ്പെടുന്നത്. ബി-2 വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അദൃശ്യമാകാനുള്ള ശേഷിയാണ്. റഡാര്‍ സംവിധാനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സഹായിക്കുന്ന രീതിയിലുള്ള രൂപകല്‍പ്പനയും റഡാര്‍ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന പ്രത്യേകതരം ആവരണങ്ങളും ഇതിനുണ്ട്. ഈ സാങ്കേതികവിദ്യ കാരണം ശത്രുരാജ്യങ്ങളുടെ റഡാറുകള്‍ക്ക് ബി-2 വിമാനത്തെ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇത് ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ ബി-2വി നെ പ്രാപ്തനാക്കുന്നു. ബി-2 ബോംബറിന് വലിയ അളവിലുള്ള ആയുധങ്ങള്‍ വഹിക്കാന്‍ കഴിയും.

6.2 മീറ്റര്‍ നീളവും, 30,000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ശേഷിയുള്ള ഏക അമേരിക്കന്‍ ബോംബറാണ് ബി-2. സാധാരണ ബോംബുകള്‍, കൃത്യമായ ഗൈഡഡ് ബോംബുകള്‍, ആണവായുധങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശത്രുവിന്റെ ആഴത്തിലുള്ളതും സംരക്ഷിക്കപ്പെട്ടതുമായ ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ഇത് ഉപയോഗിക്കാം. 15,000 മീറ്റര്‍ വരെ ഉയരത്തില്‍ ആക്രമണ ദൗത്യങ്ങള്‍ നടത്താന്‍ ഇതിന് സാധിക്കും. പറക്കും ചിറക് അഥവാ ഫ്ളൈയിങ് വിംഗ് രൂപകല്‍പ്പനയാണ് ബി 2-വിമാനത്തിന്റേത്. രണ്ട് പൈലറ്റുമാരാണ് ഈ ബോംബര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ വേണ്ടിയാണ് ബി-2 ബോംബറിനെ രൂപകല്‍പ്പന ചെയ്തത്. 1989-ല്‍ ആദ്യമായി പറന്നുയര്‍ന്ന ഈ വിമാനം, 1997-ല്‍ അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി. കൊസോവോ യുദ്ധം, അഫ്ഗാനിസ്ഥാന്‍ യുദ്ധം, ഇറാഖ് യുദ്ധം തുടങ്ങിയ നിരവധി സംഘര്‍ഷങ്ങളില്‍ ബി -2 വിമാനം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്നലെ രാത്രി അമേരിക്ക ബി-2 ബോംബറുകള്‍ പസഫിക് മേഖലയിലെ ഗുവാമിലേക്ക് വിന്യസിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.






Feedback and suggestions