ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം: ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും

Axiom 4 to undock from ISS today
14, July, 2025
Updated on 14, July, 2025 23

Axiom 4 to undock from ISS today

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടും.

സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയാകുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.

ഭാവി ബഹിരാകാശ യാത്രകള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സണ്‍ കമാന്‍ഡറായുള്ള ദൗത്യത്തില്‍ പോളണ്ടുകാരനായ സ്ലവോഷ് ഉസ്‌നാന്‍സ്‌കിയും ഹങ്കറിക്കാരന്‍ ടിബോര്‍ കാപുവും മിഷന്‍ സ്‌പെഷ്യലിസ്റ്റുകളാണ്

മടക്കയാത്രക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ആക്‌സിയം സ്‌പേസ് വ്യക്തമാക്കി. സംഘം നിലയത്തിലെത്തിയ അതേ ഡ്രാഗണ്‍ പേടകത്തില്‍ തന്നെയാണ് ഭൂമിയിലേക്കുള്ള മടക്കവും. ഉച്ചയ്ക്ക് 2.50ന് യാത്രികര്‍ പേടകത്തിന് അകത്ത് കയറുകയും ഹാച്ച് അടക്കപ്പെടുകയും ചെയ്യും. 4.35ന് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്യപ്പെടും. ഒന്നര മണിക്കൂറോളം സമയമെടുത്ത് നിലയത്തില്‍ നിന്ന് സുരക്ഷിത അകലത്തില്‍ എത്തിയ ശേഷമാകും ഭൂമിയെ ലക്ഷ്യമാക്കി അതിവേഗ യാത്ര തുടങ്ങുക. 22 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്കൊടുവില്‍ കാലിഫോര്‍ണിയക്കടുത്ത് പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യും. കപ്പലില്‍ എത്തി വിദഗ്ധര്‍ പേടകത്തെയും യാത്രികരെയും കരയിലേക്ക് മാറ്റും. മടക്കയാത്രയ്ക്ക് മുന്നോടിയായി ഇന്നലെ ബഹിരാകാശ നിലയത്തില്‍ ആക്‌സിയം ഫോര്‍ സംഘത്തിന് ഔപചാരിക യാത്രയയപ്പ് നല്‍കിയിരുന്നു. ദൗത്യത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പറഞ്ഞ ശുഭാംശു ശുക്ല രാജ്യത്തിനും ജനങ്ങള്‍ക്കും നന്ദി പറഞ്ഞു.









Feedback and suggestions