ശബരിമലയിൽ ചട്ടംലംഘിച്ച് ട്രാക്ടർ യാത്ര; എഡിജിപി എം.ആർ അജിത്കുമാറിനെ വിമർശിച്ച് ഹൈക്കോടതി

HC slams ADGP M.R. Ajith Kumar over Sabarimala tractor ride
16, July, 2025
Updated on 16, July, 2025 1

HC slams ADGP M.R. Ajith Kumar over Sabarimala tractor ride

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര നേരത്തെ ഹൈക്കോടതി നിരോധിച്ചതാണ്. നിയമവിരുദ്ധ യാത്രകൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ പത്തനംതിട്ട എസ്.പി.യും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ട്രാക്ടർ യാത്രയെക്കുറിച്ച് എ.ഡി.ജി.പി.യോട് ഡിജിപി വിശദീകരണം തേടിയതായി സർക്കാർ വക്കീൽ കോടതിയെ അറിയിച്ചു. സ്വാമി അയ്യപ്പൻ റോഡ് വഴി നിയമവിരുദ്ധമായി യാത്ര നടത്താൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദർശനത്തിനായി എം ആർ അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത് ചട്ടലംഘനമെന്നായിരുന്നു സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എം ആർ അജികുമാർ പമ്പയിൽ എത്തിയത്. തുടർന്ന് പൊലീസിന്റെ ട്രാക്ടറിൽ സന്നിധാനത്തേക്ക് പോയി. ദർശനം നടത്തി അടുത്ത ദിവസം വീണ്ടും ട്രാക്ടറിൽ മലയിറങ്ങി. അപകടസാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ. തീർത്ഥാടനത്തിനായി നട തുറന്നിരിക്കുമ്പോൾ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ആവർത്തിച്ച് നിർദേശം നൽകിയിട്ടുണ്ട്.


Feedback and suggestions

Related news