ഉപഭോക്താക്കൾക്കും വ്യവസായികൾക്കും ആശ്വാസം; രാജ്യം GST മേക്ക് ഓവറിലേക്ക്

Big GST changes ahead? Centre signals green light
16, July, 2025
Updated on 16, July, 2025 1

Big GST changes ahead? Centre signals green light

GST നടപ്പാക്കിയിട്ട് എട്ട് വർഷമാകുമ്പോൽ ആദ്യ പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടി. സ്ലാബ് മാറ്റങ്ങളും നടപടിക്രമങ്ങൾ ലളിതമാക്കലുമാണ് പരിഷ്കാരങ്ങളുടെ ഭാഗമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന GST കൗൺസിലിൽ ഇത് സംബന്ധിച്ചുള്ള നിർദേശങ്ങളുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമായിരിക്കും മാറ്റങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ ഇത്തരത്തിലൊരു പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസ് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്.

പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ രാഷ്ട്രീയ സമവായം ഉണ്ടാക്കുന്നതിനായി ധനകാര്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ബന്ധപ്പെടും. നിർദ്ദിഷ്ട നീക്കത്തെക്കുറിച്ച് പ്രധാന വകുപ്പുകളുമായി അന്തർ മന്ത്രാലയ കൂടിയാലോചനകൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഉപഭോക്താക്കൾക്കും വ്യവസായികൾക്കും ആശ്വാസം നൽകുന്നതിനായി സ്ലാബ് മാറ്റങ്ങളും നടപടിക്രമ ലഘൂകരണവും മാറ്റങ്ങളിൽ ഉൾപ്പെടുത്താനാണ് സാധ്യത. നിരക്ക് യുക്തിസഹമാക്കുന്നത് പരിശോധിക്കാൻ ജിഎസ്ടി കൗൺസിൽ ഒരു മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും വിവിധ പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിൽ ജിഎസ്ടിയിൽ 5%, 12%, 18%, 28% എന്നീ സ്ലാബുകളാണുള്ളത് . 21% സാധനങ്ങളും 5% സ്ലാബിലുൾപ്പെടുന്നതാണ്. 12% സ്ലാബിൽ 19% സാധനങ്ങളും 18% സ്ലാബിൽ 44% സാധനങ്ങളുമാണ് ഉൾപ്പെടുന്നത്. ഏറ്റവും ഉയർന്ന സ്ലാബായ 28%ത്തിൽ 3% ഉൾപ്പെടുന്നു. 12% സ്ലാബ് എടുത്തുമാറ്റിയിട്ട് ആ വിഭാഗത്തിലെ ഉത്പന്നങ്ങൾ 5% അല്ലെങ്കിൽ 18% സ്ലാബിലേക്ക് മാറ്റാനായിരിക്കും സാധ്യത. ഇതോടെ 12% വരുന്ന ചില വസ്തുക്കൾക്ക് വില കുറയും മറ്റ് ചില വസ്തുക്കൾക്ക് വില കൂടുകയും ചെയ്യും. ഇത് പ്രായോഗികമായാൽ വലിയ വരുമാന നഷ്ടമുണ്ടായേക്കുമെന്നതാണ് സംസ്ഥാനങ്ങളുടെ വിയോജിപ്പിന് കാരണം. ഇതുതന്നെയാണ് പരിഷ്കാരത്തിന് ശ്രമിക്കുന്പോഴുണ്ടാകാനിടയുള്ള ഏറ്റവും വലിയ വെല്ലുവിളി.


Feedback and suggestions

Related news