കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ലോഗോ മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു

Saji Cherian released the logo of the Kerala Film Policy Conclave
17, July, 2025
Updated on 17, July, 2025 3

Saji Cherian released the logo of the Kerala Film Policy Conclave

025 ഓഗസ്റ്റ് രണ്ട്, മൂന്ന് തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ലോഗോ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ വച്ച് നടത്തുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനാകും.

സിനിമയുടെ വിവിധ വശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ ഇന്ത്യയില്‍ ഇതിനോടകം സിനിമാനയം രൂപീകരിച്ച വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍, നാഷണല്‍ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികള്‍, ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍, അന്താരാഷ്ട്ര സിനിമയിലെ പ്രമുഖര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ സിനിമാ സംഘടനകള്‍, തൊഴില്‍-നിയമ രംഗങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളില്‍ സമഗ്രമായ ചര്‍ച്ചകള്‍ നടക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ചാവും സിനിമാ നയത്തില്‍ ഉള്‍പ്പെടുത്തുക. രണ്ടു ദിവസങ്ങളിലുമായി ഒമ്പത് സെഷനുകളാണ് കോണ്‍ക്ലേവില്‍ ഉണ്ടാവുക. ആദ്യ ദിവസം രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം അഞ്ചു സെഷനുകള്‍ അഞ്ചു വ്യത്യസ്ത വേദികളില്‍ ഒരേ സമയം നടക്കും. ഉച്ചയ്ക്കു ശേഷം പ്ലീനറി സെഷനുണ്ടാകും.

പ്ലീനറി സെഷനില്‍ ഓരോ ചര്‍ച്ചാവേദികളില്‍ നിന്നുമുള്ള മോഡറേറ്റര്‍മാര്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന്, നാലരയ്ക്ക് ഓപ്പണ്‍ ഫോറമുണ്ടാകും. ആ സമയത്ത് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ പ്രതിനിധികള്‍ക്ക് ചോദിക്കാം. ഈ ചോദ്യോത്തരവേളയിലൂടെ ഒരു ജനാധിപത്യപരമായ ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നയരൂപീകരണമുണ്ടാകുന്നത്. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ എ എസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, ചലച്ചിത്ര പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. മധുപാല്‍, കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി. എസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരും പങ്കെടുത്തു.


Feedback and suggestions

Related news